
കൊല്ലം: എംസി റോഡിൽ ആയൂർ പാലത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. കിഴക്കേ വലിയപറമ്പിൽ നൈനാൻ വർഗീസ് (ബാബു- 62)യും മകൻ റോബിൻ നൈനാൻ (32)യും ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ച മാരുതി ഡിസയർ കാറും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയും തമ്മിൽ നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. ആയൂർ ഭാഗത്ത് നിന്നും ചടയമംഗലത്തേക്കു വന്ന ലോറിയും, ചടയമംഗലം ഭാഗത്തുനിന്ന് ആയൂരിലേക്കു പോയ കാറും തമ്മിലുണ്ടായ ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ച് കോഴഞ്ചേരിയിലേക്കുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വാഹനം ഓടിച്ചിരുന്നത് റോബിൻ നൈനാനായിരുന്നു. വാഹനത്തിൽ അദ്ദേഹത്തിന്റെ പിതാവും മാതാവും രണ്ട് മക്കളുമുണ്ടായിരുന്നു.
അപകടത്തിൽ റോബിന്റെ മാതാവിന് ഗുരുതര പരിക്കേറ്റു. അവർ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോബിന്റെ രണ്ട് മക്കൾക്കും പരിക്കേറ്റിട്ടുണ്ട്; ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.