
കൊട്ടാരക്കര: പാലക്കാട്-തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവെ ആറു വയസ്സുകാരിയോട് അതിക്രമം കാണിച്ച പ്രതിയെ പിടികൂടാൻ നിർണായക സഹായം നൽകിയ കൊട്ടാരക്കര കോട്ടാത്തല സ്വദേശിനി വി.എസ്. വീണയെ മുൻ മന്ത്രിയും എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ ആദരിച്ചു.

രാത്രിയാത്രയ്ക്കിടെ ഉണ്ടായ സംഭവത്തിൽ വീണയുടെ സമയോചിതമായ ഇടപെടലും ജാഗ്രതയും കാരണമാണ് പ്രതി പിടിയിലായത്. വീണ ഇടപെട്ടില്ലായിരുന്നെങ്കിൽ കൂടുതൽ ദാരുണമായ സംഭവമാകുമായിരുന്നുവെന്ന് ബാലഗോപാൽ പറഞ്ഞു. അതീവ ധൈര്യത്തോടെയും വിവേകപൂർവ്വവുമായി പ്രവർത്തിച്ച വീണയുടെ നടപടി സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പ്രശംസിച്ചു.
കോട്ടാത്തലയിലെ വിപിൻ ഭവനത്തിൽ എത്തിയ ബാലഗോപാൽ വീണയെ നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിക്കുകയും ആദരവ് സമ്മാനിക്കുകയും ചെയ്തു. സാമൂഹിക ഉത്തരവാദിത്വത്തോടെ ഇത്തരം ഇടപെടലുകൾ കൂടുതൽ പേരെ പ്രചോദിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.