You are currently viewing ശബരിമല തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകൾ; കൊല്ലത്തേക്ക് ഹൈദരാബാദ്, സിർപൂർ കാഗസ്‌നഗർ സർവീസുകൾ

ശബരിമല തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകൾ; കൊല്ലത്തേക്ക് ഹൈദരാബാദ്, സിർപൂർ കാഗസ്‌നഗർ സർവീസുകൾ

ശബരിമല തീർത്ഥാടനകാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊല്ലം ജംഗ്ഷനിലേക്കും തിരിച്ചും വിവിധ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. ഹൈദരാബാദ്, സിർപൂർ കാഗസ്‌നഗർ, കസിപേട്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രത്യേക ട്രെയിൻ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ട്രെയിൻ നമ്പർ 07171 സിർപൂർ കാഗസ്‌നഗർ–കൊല്ലം ജംഗ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ 11, 25 തീയതികളിൽ (വെള്ളിയാഴ്ച) സിർപൂർ കാഗസ്‌നഗറിൽ നിന്ന് പുലർച്ചെ 4 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.55ന് കൊല്ലം ജംഗ്ഷനിലെത്തും. രണ്ട് സർവീസുകളാണ് ഈ ട്രെയിനിനുള്ളത്.

ട്രെയിൻ നമ്പർ 07172 കൊല്ലം ജംഗ്ഷൻ–ഹൈദരാബാദ് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ 12, 26 തീയതികളിൽ (ശനിയാഴ്ച) രാത്രി 7.30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 4 മണിക്ക് ഹൈദരാബാദിലെത്തും.

ട്രെയിൻ നമ്പർ 07187 ഹൈദരാബാദ്–കൊല്ലം ജംഗ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ 4, 18 തീയതികളിൽ (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.55ന് കൊല്ലം ജംഗ്ഷനിലെത്തും. രണ്ട് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രെയിൻ നമ്പർ 07188 കൊല്ലം ജംഗ്ഷൻ–കസിപേട്ട് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ 5, 19 തീയതികളിൽ (ശനിയാഴ്ച) രാത്രി 7.30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7 മണിക്ക് കസിപേട്ട് ജംഗ്ഷനിലെത്തും.

ഇതിന് പുറമെ ട്രെയിൻ നമ്പർ 07173 ഹൈദരാബാദ്–കൊല്ലം ജംഗ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് 2027 ജനുവരി 1 മുതൽ 15 വരെ വെള്ളിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്ന് രാവിലെ 9 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.55ന് കൊല്ലത്ത് എത്തും. മൂന്ന് സർവീസുകളാണ് ഈ ട്രെയിനിനുള്ളത്.

ട്രെയിൻ നമ്പർ 07174 കൊല്ലം ജംഗ്ഷൻ–ഹൈദരാബാദ് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് 2027 ജനുവരി 2 മുതൽ 16 വരെ ശനിയാഴ്ചകളിൽ രാത്രി 7.30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 4 മണിക്ക് ഹൈദരാബാദിലെത്തും. മൂന്ന് സർവീസുകളാണ് ഈ ട്രെയിനിനുള്ളത്.

ഈ പ്രത്യേക ട്രെയിനുകൾ പാലക്കാട് ജംഗ്ഷനിൽ ശനിയാഴ്ചകളിൽ രാവിലെ 9.30/9.35 സമയത്തും തിരിച്ചുള്ള സർവീസുകൾ ഞായറാഴ്ചകളിൽ പുലർച്ചെ 1.57/2.00 സമയത്തുമാണ് എത്തുക.

ബേഗംപേട്ട്, ലിംഗംപള്ളി, വികാരാബാദ് ജംഗ്ഷൻ, തണ്ടൂർ, യാദ്ഗിർ, റായ്ച്ചൂർ, മന്ത്രാലയം റോഡ്, അഡോണി, ഗുണ്ടക്കൽ ജംഗ്ഷൻ, ഗൂട്ടി, അനന്തപൂർ, ധർമവരം ജംഗ്ഷൻ, കദിരി, മദനപ്പള്ളി റോഡ്, പീലേർ, പാകാല ജംഗ്ഷൻ, ചിറ്റൂർ, കട്പാടി ജംഗ്ഷൻ, ജോളാർപേട്ടൈ ജംഗ്ഷൻ, സേലം ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, തിരുപ്പൂർ, പോടനൂർ ജംഗ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജംഗ്ഷൻ, കരുനാഗപ്പള്ളി, ശാസ്താംകോട്ട തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും.

പ്രത്യേക ട്രെയിനുകളിൽ ഒരു ഫസ്റ്റ് എസി കോച്ച്, രണ്ട് എസി ടു ടയർ കോച്ചുകൾ, ആറ് എസി ത്രീ ടയർ കോച്ചുകൾ, ഒൻപത് സ്ലീപ്പർ കോച്ചുകൾ, നാല് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാനുകൾ എന്നിവ ഉൾപ്പെടും.

ശബരിമല തീർത്ഥാടനകാലത്തെ അധിക യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനുമാണ് റെയിൽവേ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply