
ബംഗളൂരു: ബംഗളൂരുവിലെ കോട്ടൺപേട്ടിൽ ലോഡ്ജിൽ അടൂർ സ്വദേശിനിയായ യുവതി കൊല്ലപ്പെട്ടു. അടൂർ സ്വദേശിനിയായ ഗംഗ (22) ആണ് കൊല്ലപ്പെട്ടത്,. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ഗോകുൽ കൃഷ്ണ (23) എന്ന യുവാവിനെ കോട്ടൺപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
നവംബർ 27 വെള്ളിയാഴ്ച രാവിലെ 11 മണിയോടെ തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് സംഭവം. നഴ്സിങ് പഠനം പൂർത്തിയാക്കി ജോലി തേടിയാണ് ഗംഗ ബംഗളൂരുവിലെത്തിയത്. വ്യാഴാഴ്ച കേരളത്തിൽ നിന്നെത്തിയ ഇരുവരും ഒടിസി റോഡിലുള്ള ലോഡ്ജിൽ മുറിയെടുത്തിരുന്നു.
വെള്ളിയാഴ്ച രാവിലെയുണ്ടായ തർക്കത്തിനിടെ ഗംഗയെ കത്തികൊണ്ട് കുത്തിയതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ബി.എസ്.സി നഴ്സിങ് ബിരുദധാരിയായ ഗോകുൽ കൃഷ്ണ നഴ്സിങ് വിദ്യാർഥികൾക്ക് കോളേജ് അഡ്മിഷൻ കൺസൾട്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഇരുവരും നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിന് പിന്നാലെ പ്രതി ലോഡ്ജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഗംഗയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ലോഡ്ജിലെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി കോട്ടൺപേട്ട പൊലീസ് അന്വേഷണം തുടരുകയാണ്.