
റാന്നി: സുഹൃത്തിനൊപ്പം സ്കൂട്ടറിന് പിന്നിൽ സഞ്ചരിച്ച വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. അടിച്ചിപ്പുഴ പള്ളിക്കൂടത്തിങ്കൽ ബിനുവിന്റെ മകൻ അലക്സാണ്ടർ (12) ആണ് മരിച്ചത്. റാന്നി എസ്.സി.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ലൗലിയാണ് മാതാവ്. സഹോദരി ഏഞ്ചൽ.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മന്ദമരുതിക്കും മക്കപ്പുഴയ്ക്കും ഇടയിലായിരുന്നു അപകടം. മന്ദമരുതിയിൽനിന്ന് മക്കപ്പുഴയിലേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രയ്ക്കിടെ റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് സമീപം നിർത്തി ഡ്രൈവറുമായി സംസാരിച്ചിരുന്നു.

സംസാരത്തിനുശേഷം സ്കൂട്ടർ പെട്ടെന്ന് റോഡിലേക്ക് തിരിച്ചിറക്കിയപ്പോൾ പിന്നിൽ വന്ന കാറുകളിലൊന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അലക്സാണ്ടറിന്റെ ശരീരത്തിലൂടെ തൊട്ടുപിന്നാലെ വന്ന മറ്റൊരു കാർ കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ അലക്സാണ്ടറെ ഉടൻ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടർ ഓടിച്ചിരുന്ന സുഹൃത്തിന് പരിക്കില്ല.