എറണാകുളം ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് നിർണായക നടപടികൾ പുരോഗമിക്കുകയാണെന്ന് തൃക്കാക്കര എംഎൽഎ ഉമാ തോമസ് അറിയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലയിലെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തതായി എംഎൽഎ വ്യക്തമാക്കി.
തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങൾ വർഷങ്ങളായി നേരിടുന്ന കുടിവെള്ളക്ഷാമവും വിതരണത്തിലെ പോരായ്മകളും യോഗത്തിൽ വിശദമായി അവതരിപ്പിച്ചതായും അവയ്ക്ക് സ്ഥിരമായ പരിഹാരം കാണേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയതായും ഉമാ തോമസ് പറഞ്ഞു.
ആലുവയിൽ 190 എംഎൽഡി ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റിന് 523 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ എറണാകുളം ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് സമഗ്രമായ പരിഹാരം സാധ്യമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എംഎൽഎ അറിയിച്ചു.
പദ്ധതി യാഥാർഥ്യമായാൽ കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര മുനിസിപ്പാലിറ്റി എന്നിവയ്ക്കൊപ്പം എറണാകുളം, കൊച്ചി, വൈപ്പിൻ, ആലുവ തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്കുള്ള ശുദ്ധജല വിതരണം കൂടുതൽ കാര്യക്ഷമവും സുഗമവുമായി ഉറപ്പാക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.
എറണാകുളം ജില്ലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ ഈ സുപ്രധാന പദ്ധതിക്ക് പ്രത്യേക ഇടപെടൽ നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും ഉമാ തോമസ് നന്ദി അറിയിച്ചു. സുരക്ഷിതവും മതിയായതുമായ കുടിവെള്ളം ജനങ്ങൾക്ക് ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും തുടർന്നും പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി.
അവലോകന യോഗത്തിൽ എംഎൽഎമാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി എന്നിവരും ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.