
കായംകുളം: പെട്രോൾ തീർന്ന് ബൈക്ക് പരിശോധിക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്ണൻ–സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 9 മണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ബൈക്കിന് പെട്രോൾ തീർന്നതിനെ തുടർന്ന് ഹരിനാരായണനും സുഹൃത്തുക്കളായ ആദിത്യനും അക്ഷയും ചേർന്ന് വാഹനം പരിശോധിച്ച് നിൽക്കുകയായിരുന്നു. ഇതിനിടെ പിന്നിൽ നിന്ന് കോഴി കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരിനാരായണൻ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദിത്യൻ (20) ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അക്ഷയ്ക്ക് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായത്.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയായ ഹരിനാരായണൻ, കഴിവുള്ള മൃദംഗ കലാകാരൻ കൂടിയായിരുന്നു.