You are currently viewing ആലപ്പുഴയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ എല്ലാ സാധ്യതകളും പരിശോധിക്കും: മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ എല്ലാ സാധ്യതകളും പരിശോധിക്കും: മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: പ്രതിസന്ധിയിലായ കയർ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പ്രായോഗികതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ആഭ്യന്തര-കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കയർ മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും വിലയിരുത്തുന്നതിനായി ആലപ്പുഴയിൽ മന്ത്രി അധ്യക്ഷനായ വിപുലമായ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചെറുകിട ഉൽപ്പാദകർ, കയറ്റുമതിക്കാർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ, കയർ കോർപ്പറേഷൻ, കയർഫെഡ്, ഫോം മാറ്റിംഗ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ മേഖലയിലെ നിലവിലെ പ്രതിസന്ധികൾ വിശദമായി ചർച്ച ചെയ്തു.

കയർ കോർപ്പറേഷൻ, കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി, കയർഫെഡ്, ഫോം മാറ്റിംഗ്സ് എന്നിവിടങ്ങളിൽ നിലവിൽ പുതിയ നിയമനങ്ങൾ നടത്തേണ്ടതില്ലെന്ന് മന്ത്രി നിർദേശിച്ചു. ഈ സ്ഥാപനങ്ങളിലെ ഭരണച്ചെലവ് കൂടുതലാണെന്നും പുതിയ പരസ്യങ്ങൾ നൽകുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് സാമ്പത്തിക നില മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ അടിസ്ഥാനത്തിൽ കയർ സംഘങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രോജക്ട് ഓഫീസർമാർക്ക് മന്ത്രി നിർദേശം നൽകി. തൊണ്ടിന്റെ ലഭ്യതക്കുറവും ചകിരി ഉൽപ്പാദനത്തിലെ ഇടിവുമാണ് മേഖലയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെന്ന് യോഗം വിലയിരുത്തി. വീടുകളിൽ നിന്ന് ഹരിത കർമ്മസേനയുടെ സഹായത്തോടെ തൊണ്ട് ശേഖരിക്കുന്ന സാധ്യത സർക്കാർ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

കയർ തൊഴിലാളികളുടെ ജീവിതം അതീവ ദുരിതകരമാണെന്നും മേഖലയ്ക്കായി പ്രത്യേക പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും അരൂർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. കയർ ഉൽപ്പന്നങ്ങൾക്ക് “അഞ്ചുതെങ്ങ്” എന്ന ബ്രാൻഡ് രൂപീകരിക്കണമെന്ന് ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് നിർദേശിച്ചു. കയർ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിച്ച മന്ത്രിയെ മുൻമന്ത്രിയും ചേർത്തല എംഎൽഎയുമായ പി. പ്രസാദ് അഭിനന്ദിച്ചു. ആലപ്പുഴ എംഎൽഎ എ.ഡി. തോമസും യോഗത്തിൽ പങ്കെടുത്തു.

കയർ ഉൽപ്പന്നങ്ങളുടെ വിപണനം വർധിപ്പിക്കുന്നതിനായി “ഓണത്തിന് ഒരു കയർ ഉൽപ്പന്നം” എന്ന പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സർക്കാർ ഓഫീസുകളിലേക്കും വീടുകളിലേക്കും കയർ ഉൽപ്പന്നങ്ങൾ എത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നൂതന യന്ത്രവത്കരണത്തിലൂടെ മാത്രമേ ഉൽപ്പാദനം മെച്ചപ്പെടുത്താനാകൂവെന്ന് കയറ്റുമതി സ്ഥാപനങ്ങളുടെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അതേസമയം, ചെറുകിട ഉൽപ്പാദകർക്ക് നൽകാനുള്ള ഏകദേശം 38 കോടി രൂപ കയർ കോർപ്പറേഷനിൽ നിന്ന് കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും ചെറുകിട സംഘങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.

കയർ ഡയറക്ടർ സമീർ കിഷൻ, കയർ ഡെവലപ്മെന്റ് അഡീഷണൽ ഡയറക്ടർ അനിൽകുമാർ കെ. എസ്., കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നേരത്തെ കയർ മേഖലയിലെ ട്രേഡ് യൂണിയനുകളുമായി ബന്ധപ്പെട്ട പ്രത്യേക യോഗവും മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്തിരുന്നു.

Leave a Reply