
മലയാളത്തിൽ വൻ വിജയമായ ‘ബത്ലഹേം കുടുംബ യൂണിറ്റ്’ തമിഴ്, തെലുങ്ക് ഭാഷകളിലും തിയറ്ററുകളിലെത്തി. സെപ്റ്റംബർ 4നാണ് ചിത്രത്തിന്റെ ഡബ്ബ് പതിപ്പുകൾ റിലീസ് ചെയ്തത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

കേരളത്തിൽ റിലീസ് ചെയ്ത് വെറും 13 ദിവസംകൊണ്ട് ചിത്രം 95 കോടി രൂപയുടെ കളക്ഷൻ നേടിയിരുന്നു. തമാശയും പ്രണയവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും നിറഞ്ഞ അയൽപക്കത്തെ ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തിന്റേത്.
തമിഴ്, തെലുങ്ക് പതിപ്പുകൾക്കും ആദ്യ പ്രതികരണങ്ങൾ മികച്ചതാണ്. ഒറിജിനൽ ചിത്രത്തിന്റെ ഊഷ്മളതയും നർമ്മവും ഡബ്ബിങ് പതിപ്പുകളിലും നിലനിർത്താനായെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. തെലുങ്ക് പ്രേക്ഷകരിൽ ഒരാൾ ചിത്രം ‘വീണ്ടും വീട്ടിലെത്തിയ അനുഭവം’ നൽകുന്നതായി പ്രതികരിച്ചപ്പോൾ, തമിഴ് പ്രേക്ഷകർ ‘ക്യൂട്ട്, രസകരവും റൊമാന്റിക്കുമായ ചിത്രം’ എന്നാണ് വിശേഷിപ്പിച്ചത്.
ചിത്രത്തിന്റെ ആഗോള കളക്ഷൻ 200 കോടി രൂപ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. തമിഴ്, തെലുങ്ക് വിപണികളിലെ മികച്ച ബുക്കിങ്ങും പ്രേക്ഷക പ്രതികരണവും കണക്കിലെടുത്ത് ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ നേടുമെന്നാണ് ബോക്സ് ഓഫീസ് നിരീക്ഷകരുടെ വിലയിരുത്തൽ. ഇതോടെ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡുകളിലേക്ക് ചിത്രം നീങ്ങുമെന്ന പ്രതീക്ഷയും ശക്തമാണ്.