You are currently viewing സി.പി.ഐ-ബി.ജെ.പി ഡീൽ ആരോപണം തള്ളി ബി.ബി. ഗോപകുമാർ

സി.പി.ഐ-ബി.ജെ.പി ഡീൽ ആരോപണം തള്ളി ബി.ബി. ഗോപകുമാർ

കൊല്ലം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ബി.ജെ.പി നേടിയ ചരിത്രവിജയം “സി.പി.ഐ-ബി.ജെ.പി ഡീലിന്റെ” ഭാഗമാണെന്ന ആരോപണത്തെ ശക്തമായി തള്ളി ബി.ജെ.പി നേതാവും നിയുക്ത എം.എൽ.എയുമായ ബി.ബി. ഗോപകുമാർ. ചാത്തന്നൂരിലെ വിജയം പതിറ്റാണ്ടുകളായി പാർട്ടിക്കായി പ്രവർത്തിച്ച സാധാരണ പ്രവർത്തകരുടെയും രക്തസാക്ഷികളുടെയും സമർപ്പണത്തിന് ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

മണ്ഡലത്തിൽ മാറ്റം വേണമെന്ന ജനങ്ങളുടെ ശക്തമായ ആഗ്രഹമാണ് ഈ വിജയത്തിൽ പ്രതിഫലിച്ചതെന്ന് ഗോപകുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ വികസന പദ്ധതികൾ ചാത്തന്നൂരിൽ എത്തണമെന്ന ജനങ്ങളുടെ താൽപര്യവും ഒരു പ്രാദേശിക സ്ഥാനാർത്ഥി വിജയിക്കണമെന്ന ജനവിധിയും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിഹത്യയിലൂടെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെയും ബി.ജെ.പിയുടെ വിജയത്തെ ചെറുതാക്കാനാണ് ഇടത്-വലത് മുന്നണികൾ ശ്രമിക്കുന്നതെന്നും ഗോപകുമാർ ആരോപിച്ചു. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം ജനങ്ങൾ നൽകിയ വിധിയെ “ഡീൽ രാഷ്ട്രീയം” എന്ന് വിശേഷിപ്പിച്ച് അപമാനിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാത്തന്നൂർ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായ അഡ്വ. ആർ. രാജേന്ദ്രനെ 4,398 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ബി.ബി. ഗോപകുമാർ ചരിത്രവിജയം സ്വന്തമാക്കിയത്. മണ്ഡലത്തിൽ ആദ്യമായാണ് ബി.ജെ.പി വിജയമുറപ്പിക്കുന്നത്.

Leave a Reply