
ഭാരതീയ ജനതാ പാർട്ടി(ബിജെപി) നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം അസം നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം തുടരുന്നു. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം തവണയും ബിജെപി അധികാരം നിലനിർത്തുമെന്ന് വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്.

ആകെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 39 മണ്ഡലങ്ങളിലെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപി 31 സീറ്റുകളിൽ വിജയിച്ചപ്പോൾ സഖ്യകക്ഷികളായ അസം ഗണപരിശത്ത്(എജിപി) രണ്ട് സീറ്റുകളും ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) അഞ്ച് സീറ്റുകളും നേടി. പ്രതിപക്ഷ കക്ഷിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) ഒരു സീറ്റ് നേടി.
ബാക്കി 87 മണ്ഡലങ്ങളിലെ നിലവിലെ ട്രെൻഡുകളും ബിജെപി സഖ്യത്തിന് അനുകൂലമാണ്. ബിജെപി 50 മണ്ഡലങ്ങളിൽ മുന്നിലാണ്. എജിപി ആറ് മണ്ഡലങ്ങളിലും ബിപിഎഫ് അഞ്ച് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് 21 മണ്ഡലങ്ങളിലും All എഐയുഡിഎഫ് ഒരു മണ്ഡലത്തിലും റൈജോർ ദൾ രണ്ട് മണ്ഡലങ്ങളിലും മറ്റ് സ്ഥാനാർത്ഥികൾ രണ്ട് മണ്ഡലങ്ങളിലും മുന്നിലാണ്.
126 അംഗങ്ങളുള്ള അസം നിയമസഭയിൽ ഭൂരിപക്ഷത്തിന് 64 സീറ്റുകളാണ് ആവശ്യമായത്. നിലവിലെ കണക്കുകൾ പ്രകാരം എൻഡിഎ സഖ്യം അതിനുമപ്പുറം സീറ്റുകൾ നേടുമെന്ന് വിലയിരുത്തപ്പെടുന്നു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജാലുക്ബാരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബിദിഷ നിയോഗിനെതിരെ മുന്നിലാണ്. ജോര്‍ഹട്ട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായ ഹിതേന്ദ്ര നാഥ് ഗോസ്വാമി അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയിയെ പരാജയപ്പെടുത്തി.
സംസ്ഥാനത്തെ 126 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9നായിരുന്നു നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 85.96 ശതമാനം പോളിംഗാണ് ഇത്തവണ അസമിൽ രേഖപ്പെടുത്തിയത്.