
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം രണ്ടുദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ കോന്നാട്ട് രവിയുടെ ഭാര്യ വത്സല (68)യുടെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ പെരുവംമൂഴി പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ലതാകടവിൽ വച്ച് വത്സല പുഴയിൽ ഒഴുക്കിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ വ്യാപകമായ തെരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ പുഴയിലെ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും ആദ്യ ദിവസങ്ങളിലെ രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
തുടർച്ചയായ തെരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയോടെയാണ് പെരുവംമൂഴി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മൃതദേഹം കരയ്ക്കടുപ്പിച്ച് തുടർനടപടികൾ സ്വീകരിച്ചു.