
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസ്, പ്രവീൺ (42) ആണ് മരിച്ചത്.

കടലിൽ മത്സ്യബന്ധനം നടത്തി മടങ്ങിയെത്തിയ ശേഷം താഴംപള്ളി ലേലഹാളിന് സമീപം വള്ളം വൃത്തിയാക്കുന്നതിനിടെയാണ് തോമസ് കായലിലേക്ക് തെറിച്ചുവീണത്. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം.
തുടർന്ന് ഫയർഫോഴ്സ് സ്കൂബ സംഘവും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം രാത്രിയോടെ തിരച്ചിൽ നിർത്തിവെക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ താഴംപള്ളി ലേലഹാളിന് സമീപത്തെ കായലിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. ഫിഷറീസ് വാർഡന്മാർ ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.