You are currently viewing വിവാഹ സദ്യ മുടക്കി കാറ്ററിങ് തട്ടിപ്പ്; ഉടമ അറസ്റ്റിൽ

വിവാഹ സദ്യ മുടക്കി കാറ്ററിങ് തട്ടിപ്പ്; ഉടമ അറസ്റ്റിൽ

കോട്ടയം:വിവാഹങ്ങൾക്ക് മുൻകൂറായി പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ ഉപഭോക്താക്കളെ വഞ്ചിച്ച കാറ്ററിങ് ഉടമയെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കേന്ദ്രമായി ‘ഉദയം കാറ്ററിങ് ഈവന്റ്സ്’ എന്ന സ്ഥാപനം നടത്തിവന്നിരുന്ന കാളകെട്ടി മാഞ്ഞുക്കുളം സ്വദേശി വിഷ്ണു മോഹനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സെപ്റ്റംബർ 13-ന് കോട്ടയം കഞ്ഞിക്കുഴിയിൽ നടന്ന ഒരു വിവാഹ ചടങ്ങിന് മുൻകൂറായി പണം കൈപ്പറ്റിയ ശേഷം ഭക്ഷണം നൽകാതെ വഞ്ചിച്ചെന്ന് ആരോപിച്ച് വധുവിന്റെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

അന്വേഷണത്തിൽ, ഇതേ ദിവസം തന്നെ മുണ്ടക്കയം ചോറ്റിയിലും എറണാകുളം പെരുമ്പാവൂരിലും നടന്ന രണ്ട് വിവാഹങ്ങൾക്കും സമാന രീതിയിൽ ഇയാൾ പണം വാങ്ങി ഭക്ഷണം എത്തിക്കാതെ വഞ്ചിച്ചതായി കണ്ടെത്തി. ഇൻസ്റ്റാഗ്രാം വഴി പരസ്യം നൽകിയാണ് പ്രതി ഉപഭോക്താക്കളെ ആകർഷിച്ചിരുന്നത്. ഓൺലൈനായി ബുക്ക് ചെയ്ത രണ്ട് കുടുംബങ്ങളിൽ നിന്ന് ഒരു ലക്ഷം രൂപ വീതവും, പെരുമ്പാവൂരിലെ കുടുംബത്തിൽ നിന്ന് 3 ലക്ഷത്തിലധികം രൂപയും മുൻകൂറായി ഇയാൾ കൈപ്പറ്റിയിരുന്നതായി പോലീസ് പറഞ്ഞു.

പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലവിൽ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേർ വഞ്ചിക്കപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply