
കോട്ടയം: രമ്യ ഹരിദാസിന്റെ നിലപാടുകളോടുള്ള വിയോജിപ്പുകൾ വ്യക്തിഹത്യയിലേക്കും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലേക്കും വഴിമാറരുതെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. ജനാധിപത്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും അവയെ പരസ്പര ബഹുമാനത്തോടെ നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

രമ്യ ഹരിദാസിന്റെ നിലപാടുകളോട് ആർക്കും വിയോജിക്കാമെന്നും അവരുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്താമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ വിമർശനങ്ങൾ വ്യക്തിഹത്യയിലേക്കോ വ്യക്തികളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലേക്കോ മാറുന്നത് ജനാധിപത്യപരമായ സംവാദങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യത്യസ്ത അഭിപ്രായങ്ങളെ ഉൾക്കൊള്ളാനും പരസ്പര ബഹുമാനത്തോടെ സംവദിക്കാനുമുള്ള വിശാലമനസ്സാണ് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ യഥാർഥ കരുത്ത്. വിമർശനങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്തുന്നതിനു പകരം സംവാദങ്ങളിലൂടെയും ജനാധിപത്യപരമായ ഇടപെടലുകളിലൂടെയും പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു.
വിയോജിപ്പുകളെ അടിച്ചമർത്തുകയല്ല, മറിച്ച് അവ കേൾക്കുകയും സംവദിക്കുകയും ചെയ്യുന്നതിലാണ് ജനാധിപത്യത്തിന്റെ മഹത്വമെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. രമ്യ ഹരിദാസിനെതിരായ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.