
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐ എം ജനറൽ സെക്രട്ടറി എം. എ. ബേബി രംഗത്തെത്തി. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ആസൂത്രിത രാഷ്ട്രീയ ആക്രമണമാണ് റെയ്ഡെന്ന് അദ്ദേഹം ആരോപിച്ചു.

സഖാവ് പിണറായി വിജയനെയോ സിപിഐ എമ്മിനെയോ ഇത്തരം നടപടികളിലൂടെ ഭയപ്പെടുത്താനാകില്ലെന്ന് എം.എ ബേബി പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനുപുറമെ, റെയ്ഡിന് പിന്നിൽ യുഡിഎഫ് സർക്കാരിന്റെ ഇടപെടലും സംശയിക്കേണ്ട സാഹചര്യമുണ്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി വിമർശിച്ചു. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നടപടികൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഡി റെയ്ഡിനെ ചുറ്റിപ്പറ്റി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് സിപിഐ എമ്മിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിരിക്കുന്നത്.