You are currently viewing ടാറ്റ സൺസിൽ നിർണായക നീക്കം; എൻ. ചന്ദ്രശേഖരന് വീണ്ടും അഞ്ച് വർഷം ചെയർമാൻ പദവി

ടാറ്റ സൺസിൽ നിർണായക നീക്കം; എൻ. ചന്ദ്രശേഖരന് വീണ്ടും അഞ്ച് വർഷം ചെയർമാൻ പദവി

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന് വീണ്ടും അഞ്ച് വർഷത്തേക്ക് നിയമനം. നിലവിലെ കാലാവധി 2027 ഫെബ്രുവരി 20ന് അവസാനിക്കുന്നതോടെ പുതിയ കാലാവധി ആരംഭിക്കും. ഇതോടെ 2032 വരെ ചന്ദ്രശേഖരൻ ടാറ്റ സൺസിന്റെ തലപ്പത്ത് തുടരും. സെപ്റ്റംബർ 17ന് ചേർന്ന ബോർഡ് യോഗത്തിൽ 4–1 ഭൂരിപക്ഷത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 12ന് നിലവിലെ കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും നിയമനം തേടില്ലെന്ന് ചന്ദ്രശേഖരൻ ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ 3ന് ചേർന്ന നാമനിർദേശ-പ്രതിഫല സമിതി അദ്ദേഹത്തോട് തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയും വീണ്ടും ചെയർമാനാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. ബോർഡിന്റെ അഭ്യർഥന അംഗീകരിച്ച ചന്ദ്രശേഖരൻ പുതിയ കാലാവധി ഏറ്റെടുക്കാൻ സമ്മതിച്ചതായി ടാറ്റ സൺസ് വ്യക്തമാക്കി.
അതേസമയം, തീരുമാനത്തിനെതിരെ ടാറ്റ ട്രസ്റ്റ്സ് ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ട്രസ്റ്റ്സ് ചെയർമാനും ടാറ്റ സൺസിന്റെ ഡയറക്ടറുമായ നോയൽ ടാറ്റയാണ് പുനർനിയമന പ്രമേയത്തിനെതിരെ വോട്ട് ചെയ്തത്. ട്രസ്റ്റ്സ് ബോർഡ് തീരുമാനം “നിയമപരമായി അസാധുവാണ്” എന്നും “ലീഗൽ നൾലിറ്റി” ആണെന്നും ആരോപിച്ചു. ടാറ്റ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ പ്രകാരം ചെയർമാന്റെ നിയമനത്തിനോ പുനർനിയമനത്തിനോ ട്രസ്റ്റ്സ് നോമിനി ഡയറക്ടർമാരുടെ ആവശ്യമായ പിന്തുണ വേണമെന്നാണ് അവരുടെ നിലപാട്.

ചന്ദ്രശേഖരൻ ഓഗസ്റ്റ് 12ന് പുനർനിയമനം തേടില്ലെന്ന തീരുമാനം സ്വമേധയാ എടുത്തതാണെന്നും അത് ട്രസ്റ്റ്സ് അംഗീകരിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി. പകരം പുതിയ ചെയർമാനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ നിർദേശിച്ചിരുന്നതായും ട്രസ്റ്റ്സ് അറിയിച്ചു. നോയൽ ടാറ്റ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിയമോപദേശവും ബോർഡിന് മുന്നിൽ സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

ടാറ്റ സൺസ് ലിസ്റ്റിങ്ങിലേക്കും
ചെയർമാൻ നിയമനത്തിനൊപ്പം ടാറ്റ സൺസിന്റെ ഭാവി സംബന്ധിച്ച മറ്റൊരു നിർണായക തീരുമാനവും ബോർഡ് കൈക്കൊണ്ടു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ബാധകമായ ചട്ടങ്ങൾ പാലിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ബോർഡ് തീരുമാനിച്ചു. ആർബിഐയിൽനിന്നും ടാറ്റ ട്രസ്റ്റ്സിൽനിന്നും മറ്റ് ബന്ധപ്പെട്ടവരിൽനിന്നും ആവശ്യമായ മാർഗനിർദേശം തേടുമെന്നും കമ്പനി അറിയിച്ചു.

ടാറ്റ സൺസിനെ കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (സിഐസി) വിഭാഗത്തിൽനിന്ന് ഒഴിവാക്കണമെന്ന അപേക്ഷ ആർബിഐ അടുത്തിടെ നിരസിച്ചതോടെയാണ് ലിസ്റ്റിങ് വീണ്ടും സജീവമായത്. ഇതോടെ ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളിലേക്കാണ് നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ടാറ്റ സൺസിലെ ഏകദേശം 66 ശതമാനം ഓഹരി ടാറ്റ ട്രസ്റ്റ്സിനാണ്. അതേസമയം, ശാപൂർജി പല്ലോൻജി ഗ്രൂപ്പിന് ഏകദേശം 18 ശതമാനം ഓഹരിയുണ്ട്. ചെയർമാൻ സ്ഥാനത്തെ പുനർനിയമനവും ടാറ്റ സൺസിന്റെ ലിസ്റ്റിങ്ങും സംബന്ധിച്ച ഭിന്നതകൾ ഗ്രൂപ്പിനുള്ളിലെ ഭരണപരമായ തർക്കത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്.

ചന്ദ്രശേഖരന്റെ പുനർനിയമനം സംബന്ധിച്ച് ടാറ്റ ട്രസ്റ്റ്സിന്റെ എതിർപ്പ് തുടരുന്നതിനാൽ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷന്റെ വ്യാഖ്യാനം, ഓഹരിയുടമകളുടെ യോഗത്തിലെ തുടർനടപടികൾ, ആർബിഐയുടെ ലിസ്റ്റിങ് ചട്ടങ്ങൾ എന്നിവ ഇനി നിർണായകമാകും.

Leave a Reply