You are currently viewing ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയ ബസന്തിന്റെ മരണം: ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയ ബസന്തിന്റെ മരണം: ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയുമായിരുന്ന സാവരിയ ബസന്തിന്റെ കൊലപാതകത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ (Suo Motu) കേസെടുത്തു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഇടപെട്ടത്. സംഭവത്തിൽ സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണം ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ കേരള പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപി റവാഡ ചന്ദ്രശേഖറിന് ദേശീയ വനിതാ കമ്മിഷൻ കത്തയച്ചു. കേസിന്റെ അന്വേഷണ പുരോഗതിയും ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിക്കുന്ന റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് അന്വേഷണം ശക്തമാക്കാനും, സാവരിയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനായി ഉസ്‌ബെക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയുടെ സജീവ ഇടപെടൽ ഉറപ്പാക്കണമെന്നും വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. കൂടാതെ, മരണപ്പെട്ട വിദ്യാർഥിനിയുടെ കുടുംബത്തിന് ആവശ്യമായ നിയമസഹായവും മാനസിക പിന്തുണയും ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ജൂലൈ 3-നാണ് ഉസ്‌ബെക്കിസ്ഥാനിൽ സാവരിയ ബസന്ത് കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശിയും സഹപാഠിയുമായ 22-കാരൻ സദറുൽ അനവാണ് കേസിലെ പ്രതി. ലാപ്ടോപ്പ് ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ വിവരം. പ്രതിയെ ഉസ്‌ബെക് അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, മരണത്തിന് മുൻപ് സാവരിയ കടുത്ത ശാരീരിക പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നും, പ്രതി നിർബന്ധിത മതപരിവർത്തനത്തിന് സമ്മർദം ചെലുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഈ ഗുരുതര ആരോപണങ്ങളിൽ ദേശീയ വനിതാ കമ്മിഷൻ ആശങ്ക രേഖപ്പെടുത്തുകയും, അവയും അന്വേഷണത്തിന്റെ ഭാഗമായി വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ദേശീയ വനിതാ കമ്മിഷന്റെ ഇടപെടൽ കേസിന്റെ അന്വേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് വിലയിരുത്തൽ.

Leave a Reply