
തിരുവനന്തപുരം: വടകര നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വിശദമായി അവലോകനം ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിൻറെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നു. മണ്ഡലം എംഎൽഎ കെ.കെ. രമയുടെ നേതൃത്വത്തിൽ നടന്ന യോഗം വളരെ ഫലപ്രദമായിരുന്നുവെന്ന് എംഎൽഎ അറിയിച്ചു.

മണ്ഡലത്തിലെ ഓരോ പ്രവൃത്തിയും യോഗത്തിൽ വിശദമായി വിലയിരുത്തി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കാനും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കാനും തീരുമാനിച്ചു.

വടകര മണ്ഡലത്തിൽ ഏറെക്കാലമായി ആവശ്യപ്പെട്ടുവരുന്ന അഴിത്തലക്കടവ് പാലം, തുരുത്തിമുക്ക് പാലം എന്നിവയുടെ നിർമാണത്തിന് ആവശ്യമായ തുക അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
വള്ളിക്കാട്, ഒഞ്ചിയം, മടപ്പള്ളി ടൗൺ റോഡ് തുടങ്ങിയ പ്രധാന കവലകളിലെ നടപ്പാതകൾ നവീകരിച്ച് കല്ലുപാകി, കൈവരികൾ സ്ഥാപിച്ച് വൈദ്യുതീകരണവും സൗന്ദര്യവൽക്കരണവും നടത്തുന്നതിനുള്ള പദ്ധതിക്ക് തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
മണ്ഡലത്തിലെ പൂർത്തിയാകാത്ത മുഴുവൻ പൊതുമരാമത്ത് റോഡ് പ്രവൃത്തികളും നിലവാരമുള്ള ടാറിങ് നടത്തി പുനരുദ്ധരിക്കാനും യോഗത്തിൽ തീരുമാനമായി. മുക്കാളി പഴയ ദേശീയപാത, മടപ്പള്ളി പഴയ ദേശീയപാത എന്നീ റോഡുകൾ ടാറിങ് നടത്തി പുനരുദ്ധരിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റിയിലെ പ്രാദേശിക ഉദ്യോഗസ്ഥരും പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം എംഎൽഎയുടെ സാന്നിധ്യത്തിൽ വിളിച്ചുചേർക്കാനും തീരുമാനിച്ചു.
വടകര നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വിശദമായി അവലോകനം ചെയ്യുന്നതിനായി ഇത്തരമൊരു യോഗം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് നടക്കുന്നതെന്ന് കെ.കെ. രമ അറിയിച്ചു. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സഹായകമാകുന്ന നിർണായക തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടതെന്നും എംഎൽഎ വ്യക്തമാക്കി.