
തിരുവനന്തപുരം: കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പിലെ മൂന്ന് എൻജിനീയർമാരെ സസ്പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറക്കി. സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണത്തിലെ കാലതാമസമാണ് നടപടിക്ക് കാരണമായത്.

കൊല്ലം ബിൽഡിങ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീജ എം.എസ്., കരുനാഗപ്പള്ളി ബിൽഡിങ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുനിത എ., ശാസ്താംകോട്ട ബിൽഡിങ്സ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ മഞ്ജു ഫിലിപ്പ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കരുനാഗപ്പള്ളി ബിൽഡിങ്സ് സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് കുമാറിനോട് വിശദീകരണം തേടിയിട്ടുമുണ്ട്. കെട്ടിട വിഭാഗം ചീഫ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന്റെ കരാർ ഏറ്റെടുത്തത്. 2024 ഫെബ്രുവരി 28-ന് കരാർ ഒപ്പിട്ട പദ്ധതിയുടെ നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, നിർമാണ കാലാവധി പലതവണ നീട്ടിനൽകിയിട്ടും പ്രവൃത്തി പൂർത്തിയാക്കാനായില്ല.
പദ്ധതി 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടും നിർമാണ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകൾ യഥാസമയം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിലും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് ചീഫ് എൻജിനീയർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
സസ്പെൻഷൻ കാലയളവിൽ ചട്ടപ്രകാരമുള്ള ഉപജീവനബത്തയ്ക്ക് അർഹതയുണ്ടായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നേരത്തെ അറിയിച്ചിരുന്നു. കരാറുകാരന് അനുകൂലമായി ഉദ്യോഗസ്ഥർ മനഃപൂർവം നിർമാണം വൈകിപ്പിച്ചെന്ന ആരോപണവും രാഷ്ട്രീയ കാരണങ്ങളാൽ പ്രവൃത്തി നീട്ടിക്കൊണ്ടുപോയെന്ന ആരോപണവും ഗൗരവത്തോടെ പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.