ന്യൂഡൽഹി: ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ തൽക്കാലം നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (ഡിജിഎംഎ) നിർദേശം നൽകി.
2026-ലെ സർക്കുലർ നമ്പർ 36 വഴിയാണ് കപ്പൽ ഉടമകൾക്കും, കപ്പൽ മാനേജ്മെന്റ് കമ്പനികൾക്കും, നാവികരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കും ഈ നിർദേശം നൽകിയിരിക്കുന്നത്. തുടർ അറിയിപ്പ് ലഭിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ വിന്യസിക്കരുതെന്നാണ് സർക്കുലറിലെ പ്രധാന നിർദേശം.
ഗൾഫ് മേഖലയിലെ സമീപകാല സംഘർഷാവസ്ഥയും വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും കണക്കിലെടുത്താണ് മുൻകരുതൽ നടപടിയായി ഈ നിർദേശം പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
കൂടാതെ, കപ്പലുകൾ അന്താരാഷ്ട്ര കപ്പൽ-തുറമുഖ സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും, ഏറ്റവും പുതിയ നാവിഗേഷൻ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും നിരന്തരം നിരീക്ഷിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. കപ്പലുകളിലെ സുരക്ഷാ ജാഗ്രത വർധിപ്പിക്കാനും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ നാവികരുടെ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന പരിഗണനയെന്ന് ഡിജിഎംഎ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും, അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനുള്ള എമർജൻസി കോൺടാക്റ്റ് സംവിധാനങ്ങളും പ്രോട്ടോക്കോളുകളും സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.