You are currently viewing വിഴിഞ്ഞം തുറമുഖത്ത് നേരിട്ടുള്ള ഇറക്കുമതിക്ക് തുടക്കം; ചൈനയിൽ നിന്നുള്ള ആദ്യ കണ്ടെയ്‌നറിന് സ്വീകരണം നൽകി

വിഴിഞ്ഞം തുറമുഖത്ത് നേരിട്ടുള്ള ഇറക്കുമതിക്ക് തുടക്കം; ചൈനയിൽ നിന്നുള്ള ആദ്യ കണ്ടെയ്‌നറിന് സ്വീകരണം നൽകി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നേരിട്ടുള്ള ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ചൈനയിലെ നിങ്‌ബോയിൽനിന്ന് എത്തിയ ആദ്യ ഇറക്കുമതി കണ്ടെയ്‌നറിന് നവംബർ 3 ചൊവ്വാഴ്ച തുറമുഖത്ത് ഔദ്യോഗിക സ്വീകരണം നൽകി. എം. വിൻസന്റ് എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണച്ചടങ്ങ്.

ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രം എന്ന നിലയിൽനിന്ന് കേരളത്തിലെ വ്യാപാരികൾക്ക് നേരിട്ട് ചരക്കുകൾ ഇറക്കുമതി ചെയ്യാൻ കഴിയുന്ന പ്രധാന തുറമുഖമായി വിഴിഞ്ഞം മാറുന്നതിന്റെ നിർണായക ചുവടുവയ്പ്പാണിത്.

ചൈനയിൽനിന്ന് പുറപ്പെട്ട ‘എം.എസ്.സി സബ്രീന III’ എന്ന കപ്പലിലാണ് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ വിഴിഞ്ഞത്ത് എത്തിയത്. നിർമ്മാണ മേഖലയിൽ പ്ലൈവുഡിന് പകരമായി ഉപയോഗിക്കുന്ന 40 അടി നീളമുള്ള എൻജിനീയേർഡ് ബിൽഡിങ് ബോർഡുകൾ ആയിരുന്നു കണ്ടെയ്‌നറിലെ ചരക്ക്.

തിരുവനന്തപുരത്തെ യുവ സംരംഭകരുടെ കൂട്ടായ്മയായ ‘ആൾട്ടെയർ ഗ്രൂപ്പ്’ ആണ് ചരക്ക് ഇറക്കുമതി ചെയ്തത്. തിരുവനന്തപുരം ആസ്ഥാനമായി വനിതകൾ നയിക്കുന്ന സ്റ്റാർട്ടപ്പായ ‘ബി.എസ്.2.ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡ്‌ലേഴ്‌സ്’ ഇറക്കുമതിയുടെ ഫോർവേഡിങ് സേവനങ്ങൾ നിർവഹിച്ചു.

കേരളത്തിലെ ഇറക്കുമതിക്കാർക്ക് ഇനി മറ്റ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങളെ ആശ്രയിക്കാതെ വിഴിഞ്ഞം വഴി നേരിട്ട് ചരക്കുകൾ എത്തിക്കാനാകും. തുറമുഖത്ത് കസ്റ്റംസ് ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കി ചരക്കുകൾ വിപണിയിലെത്തിക്കാനും ഇതിലൂടെ സാധിക്കും. ഗതാഗതച്ചെലവും ചരക്കുകൾ എത്തുന്നതിനുള്ള സമയവും ഗണ്യമായി കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

തുറമുഖത്ത് നടന്ന ചടങ്ങിൽ കസ്റ്റംസ്, എഫ്.ആർ.ആർ.ഒ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് , അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

കവാട ട്രാഫിക് ആരംഭിച്ച് വെറും മൂന്ന് മാസത്തിനുള്ളിൽ നേരിട്ടുള്ള ഇറക്കുമതിയും ആരംഭിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് എം. വിൻസന്റ് എം.എൽ.എ ചടങ്ങിൽ പറഞ്ഞു.

നേരിട്ടുള്ള ഇറക്കുമതി ആരംഭിച്ചതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങളിൽ പുതിയ അധ്യായം തുറക്കുകയാണ്. കേരളത്തിന്റെ വ്യാപാര-വ്യവസായ മേഖലകൾക്കും ചരക്കുനീക്ക മേഖലയ്ക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply