You are currently viewing ശാസ്താംകോട്ടയിൽ സി.പി.ഐക്ക് അകത്ത്  അച്ചടക്ക നടപടി; രണ്ട് പ്രമുഖ നേതാക്കളെ പുറത്താക്കി

ശാസ്താംകോട്ടയിൽ സി.പി.ഐക്ക് അകത്ത് അച്ചടക്ക നടപടി; രണ്ട് പ്രമുഖ നേതാക്കളെ പുറത്താക്കി

ശാസ്താംകോട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോനെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് കുന്നത്തൂരിലെ രണ്ട് പ്രമുഖ സി.പി.ഐ നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഷാജഹാൻ, മണ്ഡലം കമ്മിറ്റി അംഗം സലിം എന്നിവർക്കെതിരെയാണ് കടുത്ത നടപടി സ്വീകരിച്ചത്.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച എൽ.ഡി.എഫ് കൺവീനറും പാർട്ടി കൺട്രോൾ കമ്മീഷൻ അംഗവുമായ ശിവശങ്കരൻ നായരുടെ നിലപാടാണ് നടപടി കടുപ്പിക്കാൻ കാരണമായത്. സാധാരണയായി ഇത്തരം സംഭവങ്ങളിൽ തരംതാഴ്ത്തൽ പോലുള്ള ശിക്ഷകൾ നൽകാറുണ്ടെങ്കിലും, ഇരുവരെയും പൂർണമായും പുറത്താക്കണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നതോടെയാണ് പാർട്ടി കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച ‘എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ’ താലൂക്കിൽ എത്തിയ ദിവസം, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചുമതല വഹിച്ചിരുന്ന ഷാജഹാൻ ഹർത്താൽ പ്രഖ്യാപിച്ചതാണ് പ്രധാന കുറ്റമായി ചൂണ്ടിക്കാണിക്കുന്നത്. ജാഥയുടെ പൊതുജന പങ്കാളിത്തം കുറയ്ക്കാനും പരിപാടിയുടെ ശോഭ കെടുത്താനും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്ന് പാർട്ടി വിലയിരുത്തി.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടയിലും ഇരുവരും പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന്റെ തെളിവുകൾ നേതൃത്വത്തിന് ലഭിച്ചിരുന്നുവെന്ന് സി.പി.ഐ വൃത്തങ്ങൾ അറിയിച്ചു. ഇതടക്കമുള്ള സാഹചര്യങ്ങളാണ് കർശന നടപടിയിലേക്ക് നയിച്ചതെന്നാണ് സൂചന.

സംഭവം കുന്നത്തൂരിലെ സി.പി.ഐ ഘടകത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പാർട്ടി അച്ചടക്കത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന സന്ദേശമാണ് ഈ നടപടിയിലൂടെ നേതൃത്വം നൽകുന്നത്.

Leave a Reply