തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ കടൽസുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആകാശ ഡ്രോണുകളും അണ്ടർവാട്ടർ ഡ്രോണുകളും ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വിഴിഞ്ഞത്ത് സാധ്യതാ പഠനം നടത്തി.

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തീരദേശ വികസന കോർപ്പറേഷനാണ് പഠനം നടത്തിയത്. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ വേഗത്തിൽ കണ്ടെത്തുക, രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, സമുദ്രത്തിലെ വിവിധ സാഹചര്യങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് വിലയിരുത്തിയത്.

ആകാശത്തിലൂടെയും വെള്ളത്തിനടിയിലൂടെയും പ്രവർത്തിക്കുന്ന ഡ്രോണുകളുടെ സാങ്കേതിക ശേഷി, നിരീക്ഷണ സംവിധാനങ്ങൾ, രക്ഷാപ്രവർത്തനങ്ങളിലെ പ്രായോഗിക സാധ്യതകൾ എന്നിവ നേരിട്ട് പരിശോധിച്ചു. കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതുൾപ്പെടെയുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യ എത്രത്തോളം പ്രയോജനപ്പെടുത്താമെന്നതും പഠനത്തിന്റെ ഭാഗമായി വിലയിരുത്തി.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യയുടെ പരമാവധി പ്രയോജനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഫിഷറീസ് വകുപ്പ് മന്ത്രി വി .ഇ അബ്ദുൽ ഗഫൂർ,എം. വിൻസെന്റ് എം.എൽ.എ, ഫിഷറീസ് ഡയറക്ടർ ചെത്സ സിനി ഐ.എ.എസ്, തീരദേശ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഷെയ്ഖ് പരീദ് ഐ.എ.എസ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പഠനത്തിൽ പങ്കെടുത്തു.