You are currently viewing പരിസ്ഥിതി പ്രശ്നങ്ങൾ ജലവൈദ്യുത പദ്ധതികളുടെ വികസനത്തിന് തടസമാകുന്നു:മന്ത്രി കെ കൃഷ്ണൻകുട്ടി

പരിസ്ഥിതി പ്രശ്നങ്ങൾ ജലവൈദ്യുത പദ്ധതികളുടെ വികസനത്തിന് തടസമാകുന്നു:മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്ന് വാങ്ങേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ജലവൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് വെറും 30 ശതമാനം വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾക്ക് ആവശ്യമായ ഏകദേശം 3000 ടി.എം.സി വെള്ളം കേരളത്തിനുണ്ടെങ്കിലും, അതിൽ വെറും 300 ടി.എം.സി മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ജലവൈദ്യുതിയുടെ വൻ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയാത്തത് വികസനത്തിന് വലിയ തിരിച്ചടിയാണെന്ന് മന്ത്രി പറഞ്ഞു.

ആതിരപ്പള്ളി, പൂയംകുട്ടി, കൂരിയാർകുറ്റി എന്നീ പ്രധാന ജലവൈദ്യുത പദ്ധതികൾ പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നതും വൈദ്യുതി ഉൽപ്പാദനത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയിൽ നിന്നുള്ള ജലവൈദ്യുതിക്ക് യൂണിറ്റിന് വെറും 35 പൈസ ചെലവ് വരുമ്പോൾ, പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് 15 രൂപ വരെ നൽകേണ്ടിവരുന്നതായും മന്ത്രി വ്യക്തമാക്കി. ഇതിലൂടെ സംസ്ഥാനത്തിന് വലിയ സാമ്പത്തികഭാരം ഉണ്ടാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ജലവൈദ്യുത പദ്ധതികൾക്ക് അനുമതി ലഭിക്കാത്തതും പൊതുജനങ്ങളുടെ എതിർപ്പുമാണ് ഇത്തരം പദ്ധതികൾ മുന്നോട്ടുപോകുന്നതിന് തടസമാകുന്നതെന്നും മന്ത്രി വിമർശിച്ചു. സംസ്ഥാനത്തിന്റെ വൈദ്യുതി സ്വയംപര്യാപ്തത ഉറപ്പാക്കാൻ ഹൈഡ്രോ പദ്ധതികൾക്ക് അനുകൂലമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply