
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർതാരമായി വിലയിരുത്തപ്പെടുന്ന 15കാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. രാജസ്ഥാൻ റോയൽസിനായി ഈ സീസണിൽ പുറത്തെടുത്ത അതിവേഗ ബാറ്റിംഗ് പ്രകടനങ്ങളാണ് സച്ചിന്റെ പ്രശംസ നേടിയത്.

ഐപിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെറും 29 പന്തിൽ 97 റൺസ് നേടിയ വൈഭവ്, മത്സരത്തിൽ 12 സിക്സറുകൾ പറത്തിയാണ് ശ്രദ്ധേയമായ ഇന്നിങ്‌സ് കാഴ്ചവെച്ചത്. താരത്തിന്റെ ബാറ്റ് സ്വിങും ലെഗ് സൈഡിലേക്ക് എത്തുന്ന പന്തുകൾ നേരിടുമ്പോൾ ഫ്രണ്ട് ഫുട് മാറ്റി സ്പേസ് സൃഷ്ടിക്കുന്ന സാങ്കേതിക മികവും അസാധാരണമാണെന്ന് സച്ചിൻ അഭിപ്രായപ്പെട്ടു. “അവന്റെ ഇന്നിങ്‌സ് അതിഗംഭീരമായിരുന്നു,” എന്നും സച്ചിൻ പറഞ്ഞു.
ബിഹാറിൽ നിന്നുള്ള ഇടംകൈയ്യൻ ഓപ്പണറായ വൈഭവ് സൂര്യവംശി, ഈ ഐപിഎൽ സീസണിൽ 680 റൺസാണ് സ്വന്തമാക്കിയത്. 242-ലധികം സ്ട്രൈക്ക് റേറ്റിൽ കളിച്ച താരം റെക്കോർഡ് 65 സിക്സറുകളും നേടി. ഇതിനുമുമ്പ് ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റതാരവും ടി20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും എന്ന നേട്ടങ്ങളും വൈഭവ് സ്വന്തമാക്കിയിരുന്നു.
അണ്ടർ-19 ലോകകപ്പിലെയും മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിന്റെ ദീർഘകാല പ്രതീക്ഷയായി വൈഭവ് മാറുകയാണെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ.