
തിരുവനന്തപുരം: മെർക്കുറി കലർന്ന ഫേസ് ക്രീമുകളുടെ വിൽപന കണ്ടെത്തി തടയുന്നതിനായി സംസ്ഥാനത്ത് കർശന പരിശോധന നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. വിപണിയിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും വിൽക്കുന്ന സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ മെർക്കുറിയുടെ സാന്നിധ്യം പരിശോധിച്ച് നിയമനടപടി സ്വീകരിക്കാനാണ് നിർദേശം.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച നിർദേശം കൈമാറിയത്. ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘങ്ങളെ രൂപീകരിച്ച് ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപന തടയണമെന്നാണ് പരാതിയിലെ ആവശ്യം.
മലപ്പുറം അരീക്കോട് സ്വദേശിയായ 17കാരിക്ക് മെർക്കുറി കലർന്ന ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവമാണ് വിഷയത്തിൽ അടിയന്തര ഇടപെടലിന് കാരണമായത്. ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ട് ഓൺലൈനായി വാങ്ങിയ ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ‘മെംബ്രനസ് നെഫ്രോപതി’ എന്ന വൃക്കരോഗമാണ് സ്ഥിരീകരിച്ചത്.

പെൺകുട്ടി ഉപയോഗിച്ച ക്രീം കേന്ദ്ര സർക്കാർ അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ക്രീമിൽ 12,500 പി.പി.എം (1.25 ശതമാനം) മെർക്കുറി അടങ്ങിയിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ അനുവദനീയമായ ഒരു പി.പി.എം പരിധിയേക്കാൾ പതിനായിരക്കണക്കിന് മടങ്ങ് കൂടുതലാണിത്.
മെർക്കുറി അടങ്ങിയ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നതിനാൽ പരിശോധന ശക്തമാക്കാനാണ് സർക്കാർ നീക്കം. ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമുകളിലൂടെയുള്ള വിൽപനയും പരിശോധനയുടെ പരിധിയിൽ വരും. നിയമവിരുദ്ധമായി ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.