
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പാറശ്ശാല ഭദ്രാസനാംഗവും തിരുവനന്തപുരം മേജർ അതിരൂപതയ്ക്ക് ദീർഘകാലം സ്തുത്യർഹമായ ശുശ്രൂഷകൾ നൽകിയ വൈദികനുമായ തോമസ് വട്ടപ്പറമ്പിൽ അച്ചൻ കാലം ചെയ്തു. നവംബർ 24 ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അന്ത്യം.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമേനി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെത്തി പരേതനായ അച്ചന്റെ ഭൗതികശരീരത്തിൽ ധൂപപ്രാർത്ഥന അർപ്പിച്ചു.
നിലവിൽ ഭൗതികശരീരം നിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അച്ചന്റെ സംസ്കാര ശുശ്രൂഷകളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു.

ദീർഘകാലം സഭയ്ക്കും വിശ്വാസിസമൂഹത്തിനും സേവനം ചെയ്ത തോമസ് വട്ടപ്പറമ്പിൽ അച്ചന്റെ വിയോഗത്തിൽ വിശ്വാസിസമൂഹം അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.