അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥൻ മുരാരി ബാബു അന്തരിച്ചു. പെരുന്ന തെക്കേടത്ത് മുരാരി ബാബു (54) വെള്ളിയാഴ്ച രാത്രി കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്തരിച്ചത്.
ദേവസ്വം ബോർഡിലെ വിവിധ ക്ഷേത്രങ്ങളിലെ ഭരണപരമായ ചുമതലകൾ നിർവഹിച്ചിരുന്ന മുരാരി ബാബു, ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശ്രദ്ധേയനായിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ അദ്ദേഹം 90 ദിവസത്തിന് ശേഷം സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സേവനമനുഷ്ഠിക്കാൻ എത്തിയത്. 1994-ൽ പൊലീസിൽ ജോലി ലഭിച്ച അദ്ദേഹം കണ്ണൂരിൽ കോൺസ്റ്റബിളായി പരിശീലനം ആരംഭിച്ചെങ്കിലും പരിശീലനം പൂർത്തിയാക്കിയിരുന്നില്ല. പിന്നീട് 1997-ലാണ് ദേവസ്വം ബോർഡിൽ ജീവനക്കാരനായി ചേർന്നത്. തുടർന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിരനിയമനം ലഭിച്ചു.
വൈക്കം, ഏറ്റുമാനൂർ, തിരുനക്കര ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കായി ‘സ്പെഷൽ ഓഫീസർ’ തസ്തികയിൽ സേവനമനുഷ്ഠിച്ച മുരാരി ബാബു ദേവസ്വം ബോർഡിന്റെ വിവിധ ചുമതലകളിൽ സജീവ സാന്നിധ്യമായിരുന്നു.