മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ദുഃഖത്തിലാഴ്ത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയും താമസിച്ചിരുന്ന വാടകവീട് ഒഴിയേണ്ടി വന്നതുമാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പിറവം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മരിച്ചവർ പാലക്കാട് നെന്മാറ എലവഞ്ചേരി സ്വദേശി നാരായണൻ (51), ഭാര്യയും മൂവാറ്റുപുഴ പായിപ്ര സ്വദേശിനിയുമായ വിജിമോൾ (44), എട്ട് വയസ്സുള്ള മകൾ ഹന്നമോൾ, രണ്ട് വയസ്സുള്ള മകൻ എന്നിവരാണ്. വിജിമോൾ കാഴ്ചപരിമിതിയുള്ളയാളാണെന്ന് ബന്ധുക്കൾ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് മുളക്കുളം പാലത്തിന് സമീപത്ത് നിന്ന് വിജിമോളുടെയും രണ്ട് വയസ്സുകാരനായ മകന്റെയും മൃതദേഹങ്ങൾ ആദ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച നാരായണന്റെ മൃതദേഹവും ലഭിച്ചു. ഞായറാഴ്ച രാവിലെ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൂത്തമകൾ ഹന്നമോളുടെയും മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
കോതമംഗലം ചെറുവട്ടൂരിലെ വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വാടക നൽകാൻ കഴിയാതെ വന്നതോടെ വീട് ഒഴിയേണ്ട സാഹചര്യമുണ്ടായതായി പൊലീസ് അറിയിച്ചു. തുടർന്ന് പുതിയ താമസസ്ഥലം കണ്ടെത്താൻ കുടുംബം പൊലീസിന്റെ സഹായം തേടിയിരുന്നു. പുതിയ വീട്ടിലേക്ക് മാറാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു ഈ ദാരുണ സംഭവം.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പിറവം പൊലീസ്, മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.