You are currently viewing 26 വർഷത്തിന് ശേഷം ഗോൾഡ് സ്പോട്ട് തിരിച്ചെത്തുന്നു; ഇത്തവണ പഞ്ചസാര കുറഞ്ഞ അളവിൽ

26 വർഷത്തിന് ശേഷം ഗോൾഡ് സ്പോട്ട് തിരിച്ചെത്തുന്നു; ഇത്തവണ പഞ്ചസാര കുറഞ്ഞ അളവിൽ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഓറഞ്ച് ശീതളപാനീയമായ ഗോൾഡ് സ്പോട്ട് വിപണിയിലേക്ക് തിരിച്ചെത്തുന്നു. 2000-ൽ നിർത്തലാക്കിയ പാനീയം 26 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊക്കക്കോള വീണ്ടും അവതരിപ്പിക്കുന്നത്. ആരോഗ്യകരമായ പാനീയങ്ങളോടുള്ള ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന താൽപര്യം കണക്കിലെടുത്ത് കുറഞ്ഞ പഞ്ചസാരയോ പഞ്ചസാരയില്ലാത്തതോ ആയ പതിപ്പിലായിരിക്കും പുതിയ ഗോൾഡ് സ്പോട്ടിന്റെ വരവ്.

പരിമിതമായ വിപണന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉൽപ്പന്നം അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ ക്യാനുകളിലായിരിക്കും ലഭ്യമാകുക. ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയായിരിക്കും വിൽപ്പനയ്ക്ക് എത്തിക്കുക. കൊക്കക്കോളയുടെ മറ്റൊരു ഓറഞ്ച് പാനീയമായ ഫാന്റയുമായി നേരിട്ട് മത്സരിക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം പഴയ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം.

ഇതിനിടെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്. ധോണിക്കൊപ്പമുള്ള ഗോൾഡ് സ്പോട്ട് ക്യാനുകളുടെ ചിത്രം ഭാര്യ സാക്ഷി ധോണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതോടെ പാനീയത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായി.

അടുത്തയാഴ്ചയോടെ ഗോൾഡ് സ്പോട്ട് വീണ്ടും വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പഴയകാലത്തെ പ്രശസ്തമായ ‘ദി സിങ് തിങ്’ (The Zing Thing) എന്ന പരസ്യവാചകവും പുതിയ പതിപ്പിൽ നിലനിർത്തുമെന്നാണ് സൂചന.

കുറഞ്ഞ പഞ്ചസാരയുള്ള പാനീയങ്ങളുടെ വിൽപ്പനയിൽ കൊക്കക്കോളയ്ക്ക് ലഭിച്ച വളർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. പഴയകാല ഓർമകളും പുതിയ തലമുറയുടെ ആരോഗ്യബോധവും ഒരുമിച്ച് ലക്ഷ്യമിടുന്ന തിരിച്ചുവരവായിരിക്കും ഗോൾഡ് സ്പോട്ടിന്റേത്.

Leave a Reply