You are currently viewing ശബരിമല റോഡുകൾക്കായി 550 കോടി രൂപ അനുവദിച്ച് സർക്കാർ; പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി

ശബരിമല റോഡുകൾക്കായി 550 കോടി രൂപ അനുവദിച്ച് സർക്കാർ; പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി

ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ റോഡുകൾ ഉറപ്പാക്കുന്നതിനായി 550 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള ചർച്ചയെ തുടർന്നാണ് ശബരിമലയ്ക്കായി പ്രത്യേക പാക്കേജ് എന്ന നിലയിൽ ഈ തുക അനുവദിച്ചത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് ഒറ്റത്തവണയായി ഇത്ര വലിയ തുക ശബരിമലയ്ക്കായി അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സമയബന്ധിതമായി പാതകളുടെ സമ്പൂർണ്ണ വികസനം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

2021 മുതൽ വിവിധ കാരണങ്ങളാൽ ശബരിമല റോഡുകളിൽ വീഴ്ചകൾ ഉണ്ടായിരുന്നതായും മുൻ സീസണുകളിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടന്നിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങൾ ഗൗരവത്തോടെ കണ്ട മുഖ്യമന്ത്രി, വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണ മണ്ഡലകാലം ആരംഭിക്കുന്നതിന് വളരെ മുമ്പ് തന്നെ പമ്പയിൽ യോഗം ചേർന്ന് വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തിരുന്നതായും മന്ത്രി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് മുന്നോട്ടുവച്ച എല്ലാ പ്രവൃത്തികളും അംഗീകരിച്ച മുഖ്യമന്ത്രിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും മന്ത്രി പി.കെ. ബഷീർ കുറിപ്പിൽ വ്യക്തമാക്കി.

Leave a Reply