തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത പുനഃസ്ഥാപിക്കുകയും ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നെന്ന് എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. സഹകരണ സംഘങ്ങൾ ശക്തിപ്പെട്ടാൽ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ മുന്നേറ്റം സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
“Cooperatives for a Peaceful World” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സഹകരണ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾക്കിടയിൽ സഹകരണ മേഖലയെക്കുറിച്ച് രൂപപ്പെട്ടിട്ടുള്ള അവിശ്വാസം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. സഹകരണ മേഖലയിൽ ചില പിഴവുകളും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെന്നത് യാഥാർഥ്യമാണെങ്കിലും, മുഴുവൻ മേഖലയെയും പ്രതിസന്ധിയിലാണെന്നോ അഴിമതി നിറഞ്ഞതാണെന്നോ ചിത്രീകരിക്കുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രചാരണങ്ങൾ സഹകരണ പ്രസ്ഥാനത്തോടുള്ള ഏറ്റവും വലിയ അനീതിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാന സഹകരണ പ്രസ്ഥാനങ്ങൾ, സംഘടനകൾ, വിദഗ്ധർ, സാധാരണ ജനങ്ങൾ എന്നിവരുമായി സർക്കാർ വിശദമായ ചർച്ചകൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ചർച്ചകളിൽ ഉയർന്നുവരുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് കൃത്യമായ നയത്തിന്റെ അടിസ്ഥാനത്തിൽ ഹ്രസ്വകാലത്തെയും ദീർഘകാലത്തെയും ലക്ഷ്യമിട്ടുള്ള പരിഷ്കാര നടപടികൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 10 വിഭാഗങ്ങളിലെ സഹകരണ സംഘങ്ങൾക്ക് ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. പുരസ്കാര ജേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും സഹകരണ മേഖലയെ കൂടുതൽ ജനകീയവും വിശ്വാസ്യതയുള്ളതുമാക്കാൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും പറഞ്ഞു.