You are currently viewing കൊല്ലത്തിന് ബജറ്റിൽ വൻ വികസന പാക്കേജ്; 42 പദ്ധതികൾക്ക് പ്രഖ്യാപനം

കൊല്ലത്തിന് ബജറ്റിൽ വൻ വികസന പാക്കേജ്; 42 പദ്ധതികൾക്ക് പ്രഖ്യാപനം

2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ കൊല്ലം മണ്ഡലത്തിന് വൻ വികസന പാക്കേജ് പ്രഖ്യാപിച്ച് ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യരംഗം, ടൂറിസം, വിദ്യാഭ്യാസം, കായികം, തീരദേശ സംരക്ഷണം, റോഡ് വികസനം തുടങ്ങി വിവിധ മേഖലകളിലായി 42 പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയുടെ സമഗ്ര വികസനത്തിന് പുതിയ ഊർജം പകരുന്നതാണ് പ്രഖ്യാപനങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.

പ്രധാന പദ്ധതികളിൽ സ്കൈവേയും അർബൻ പാർക്കും, തീരദേശ റോഡ് വികസനവും, അഷ്ടമുടി കായൽ നവീകരണവും, കൊല്ലം തോട് നവീകരണവും ഉൾപ്പെടുന്നു. ജില്ലയിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കൊല്ലം ജില്ലാ ആശുപത്രിയുടെ വികസനത്തിന് പൊതുമരാമത്ത് കെട്ടിട വിഭാഗവും ആരോഗ്യ വകുപ്പും മുഖേന പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു. കൂടാതെ കുരീപ്പുഴ സബ് സെന്ററിനെ പ്രാഥമിക ആരോഗ്യ കേന്ദ്രമായി (പി.എച്ച്.സി) ഉയർത്താനും തൃക്കടവൂർ ആയുർവേദ ആശുപത്രിയും തൃക്കരുവ ഹോമിയോ ആശുപത്രിയും വികസിപ്പിക്കാനും തീരുമാനമായി.

ടൂറിസം മേഖലയിലും ശ്രദ്ധേയമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുമുല്ലവാരം ടൂറിസം വികസനം, കൊല്ലം ബീച്ചിലെ ടൂറിസം പദ്ധതികൾ, ആശ്രമം മൈതാനത്തിന്റെ വികസനം എന്നിവ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ. പുള്ളിക്കട ഉന്നതി പുനരധിവാസ പദ്ധതിയും ബജറ്റിൽ ഇടംപിടിച്ചു.

കായികരംഗത്ത് തൃക്കടവൂർ സ്റ്റേഡിയം നിർമ്മാണം, പള്ളിത്തോട്ടം ഫുട്ബോൾ ഗ്രൗണ്ട് വികസനം, ആണിക്കുളത്ത് ചിറ സ്റ്റേഡിയം നവീകരണം എന്നിവ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലാകട്ടെ കൊല്ലം വനിതാ ഐടിഐ, കൊല്ലം ടൗൺ യു.പി സ്കൂൾ, കൊല്ലം ബോയ്സ് ഹൈസ്കൂൾ എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങളും ഓഡിറ്റോറിയവും അനുവദിച്ചു. തൃക്കരുവ പഞ്ചായത്ത് എൽ.പി.എസ്, ശ്രീഭൂതക്കാവ് സ്കൂൾ, കുപ്പണ യു.പി സ്കൂൾ, കുരീപ്പുഴ യു.പി സ്കൂൾ എന്നിവയ്ക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും.

ഗതാഗത-റോഡ് വികസന രംഗത്ത് കൊല്ലം തുറമുഖത്തിന് സമീപമുള്ള റോഡുകളുടെ വികസനം, താന്നിക്കമുക്ക്–പെരിനാട് റെയിൽവേ സ്റ്റേഷൻ റോഡ്, ചെമ്മക്കാട് ഓവർബ്രിഡ്ജ്–തരിയൻമുക്ക് റോഡ്, കുതിരത്തറ ജംഗ്ഷൻ–തൃപ്പനയം ദേവി ക്ഷേത്രം റോഡ്, പതിനെട്ടാംപടി–കൊയ്‌പ്പള്ളി–മുട്ടത്തുമൂല റോഡ് തുടങ്ങിയ പ്രധാന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. വിവിധ പ്രദേശങ്ങളിലെ ഓട നിർമ്മാണവും റോഡ് പുനർനിർമാണവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്ലാവറ ബോട്ട് ജെട്ടി നിർമ്മാണം, കുരീപ്പുഴ മാമൂട്ടിൽ കടവ് ഭിത്തി നിർമ്മാണം, കുരീപ്പുഴ ഷാപ്പ്മുക്ക്–പതിനെട്ടാംപടി ബോട്ട് ജെട്ടി റോഡ് വികസനം തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം മണ്ഡലത്തിന്റെ നഗര-ഗ്രാമ വികസനത്തിന് ഒരുപോലെ പ്രാധാന്യം നൽകുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ മേഖലയിലെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. വികസന പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളിലും പൊതുസേവന മേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Leave a Reply