
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ഏകദേശം 50 ഓളം ശതാബ്ദി എക്സ്പ്രസ്, ജൻ ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ (100 സർവീസുകൾ) നവീകരിക്കുന്ന വലിയ പദ്ധതിക്ക് തുടക്കമിട്ടു. ജനപ്രിയമായ ഇന്റർസിറ്റി പ്രീമിയം ട്രെയിനുകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അധികൃതർ നൽകിയ വിവരങ്ങൾ പ്രകാരം, സീറ്റുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പുതിയ അപ്ഹോൾസ്റ്ററി, കൂടുതൽ ചാർജിംഗ് പോർട്ടുകൾ, മെച്ചപ്പെട്ട സ്നാക് ടേബിളുകൾ എന്നിവ ഉൾപ്പെടും. ശുചിത്വം ഉറപ്പാക്കുന്ന ആധുനിക ടോയ്ലറ്റുകളും മെച്ചപ്പെട്ട ഡ്രെയിനേജ് സംവിധാനവും ഉൾപ്പെടുത്തി വലിയ മാറ്റങ്ങൾ വരുത്തും.
ട്രെയിൻ യാത്രയിൽ ഉണ്ടാകുന്ന ഞരക്കങ്ങൾ കുറച്ച് സ്മൂത്ത് റൈഡ് ഉറപ്പാക്കുന്നതും കോച്ചുകളുടെ ഇന്റീരിയർ നവീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. പഴയ കോച്ചുകളെക്കുറിച്ചുള്ള യാത്രക്കാരുടെ ദീർഘകാല പരാതികൾ പരിഹരിക്കാനാണ് ഈ നീക്കം.
പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള സേവനങ്ങളുമായി നിലവിലുള്ള ട്രെയിനുകളെ ഒത്തുനിർത്തുന്നതിനുള്ള ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി, വിവിധ സോണൽ റെയിൽവേകൾക്ക് സമയപരിധിയുള്ള പ്രവർത്തനപദ്ധതി തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഈ നവീകരണ പദ്ധതി നടപ്പിലാകുന്നതോടെ യാത്രക്കാരുടെ സൗകര്യവും യാത്രാനുഭവവും ഗണ്യമായി മെച്ചപ്പെടുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.