
ന്യൂഡൽഹി: ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) 2026 ജൂലൈയിൽ 7 ബില്യൺ ഡോളറായി ഉയർന്നതായി റിസർവ് ബാങ്കിന്റെ പ്രാഥമിക ബാലൻസ് ഓഫ് പേയ്മെന്റ്സ് കണക്കുകൾ. 2025 ജൂലൈയിലെ 3.2 ബില്യൺ ഡോളറിനെ അപേക്ഷിച്ച് കമ്മി ഇരട്ടിയിലധികമായി.

ജൂലൈയിൽ ചരക്ക് വ്യാപാര കമ്മി 31.7 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 28.2 ബില്യൺ ഡോളറായിരുന്നു. കയറ്റുമതി 37.4 ബില്യണിൽ നിന്ന് 45.1 ബില്യൺ ഡോളറായി ഉയർന്നെങ്കിലും ഇറക്കുമതി 65.6 ബില്യണിൽ നിന്ന് 76.8 ബില്യൺ ഡോളറായി കുതിച്ചതാണ് വ്യാപാര കമ്മി വർധിക്കാൻ പ്രധാന കാരണം. എണ്ണ ഉൾപ്പെടെയുള്ള ഊർജ, ചരക്ക് വിലകളിലെ വർധനയും ഇറക്കുമതി ചെലവ് ഉയർത്തി.

അതേസമയം, സേവന മേഖലയിലെ മിച്ചം 16.4 ബില്യൺ ഡോളറിൽ നിന്ന് 17.6 ബില്യൺ ഡോളറായി മെച്ചപ്പെട്ടു. സേവന കയറ്റുമതി ജൂലൈയിൽ 38.3 ബില്യൺ ഡോളറായിരുന്നു. പ്രധാനമായും പ്രവാസി പണമയയ്ക്കലിൽ നിന്നുള്ള ശുദ്ധ കൈമാറ്റ വരുമാനം 12.6 ബില്യണിൽ നിന്ന് 13.2 ബില്യൺ ഡോളറായി ഉയർന്നു. എന്നാൽ നിക്ഷേപ വരുമാനത്തിലെ ശുദ്ധ പുറത്തൊഴുക്ക് 4 ബില്യണിൽ നിന്ന് 6.1 ബില്യൺ ഡോളറായി വർധിച്ചു.
2026–27 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ–ജൂലൈ കാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 11.2 ബില്യൺ ഡോളറിലെത്തി. മുൻവർഷത്തെ സമാന കാലയളവിൽ ഇത് 6.6 ബില്യൺ ഡോളറായിരുന്നു. ഈ കാലയളവിലെ ചരക്ക് വ്യാപാര കമ്മി 117.8 ബില്യൺ ഡോളറാണ്.
മൂലധന പ്രവാഹത്തിൽ വൻ വർധന
കറന്റ് അക്കൗണ്ട് കമ്മി ഉയർന്നെങ്കിലും രാജ്യത്തേക്കുള്ള ശുദ്ധ മൂലധന പ്രവാഹത്തിൽ വലിയ വർധനയുണ്ടായി. ജൂലൈയിൽ ഇത് 27.7 ബില്യൺ ഡോളറിലെത്തി. 2025 ജൂലൈയിൽ ഇത് 3.5 ബില്യൺ ഡോളർ മാത്രമായിരുന്നു.
ബാങ്കിങ് മേഖലയിലെ മൂലധന പ്രവാഹവും പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപങ്ങളും ഇതിന് പിന്തുണ നൽകി. എഫ്സിഎൻആർ(ബി) പോലുള്ള പദ്ധതികളുമായി ബന്ധപ്പെട്ട വലിയ നിക്ഷേപങ്ങളും ശ്രദ്ധേയമായി.
ശുദ്ധ വിദേശ നേരിട്ടുള്ള നിക്ഷേപം 4.5 ബില്യൺ ഡോളറിൽ നിന്ന് 7.3 ബില്യൺ ഡോളറായി ഉയർന്നു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിലും മാറ്റമുണ്ടായി. മുൻവർഷം 2.5 ബില്യൺ ഡോളറിന്റെ പുറത്തൊഴുക്ക് രേഖപ്പെടുത്തിയ സ്ഥാനത്ത് 2026 ജൂലൈയിൽ 4.1 ബില്യൺ ഡോളറിന്റെ ശുദ്ധ വരവ് രേഖപ്പെടുത്തി.
ഇതിന്റെ ഫലമായി ഇന്ത്യയുടെ മൊത്തം ബാലൻസ് ഓഫ് പേയ്മെന്റ്സ് മിച്ചം ജൂലൈയിൽ 20.8 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 0.3 ബില്യൺ ഡോളർ മാത്രമായിരുന്നു. ഏപ്രിൽ–ജൂലൈ കാലയളവിലെ ബാലൻസ് ഓഫ് പേയ്മെന്റ്സ് മിച്ചം 12.7 ബില്യൺ ഡോളറായി; മുൻവർഷം ഇത് 4.8 ബില്യൺ ഡോളറായിരുന്നു. വിദേശനാണയ ശേഖരം ശക്തിപ്പെടുത്താനും ഈ മൂലധന പ്രവാഹം സഹായിച്ചു.
ഓഗസ്റ്റിൽ വ്യാപാര കമ്മിയിൽ നേരിയ ആശ്വാസം
2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ ഏകദേശം 0.6 ശതമാനമായിരുന്നു. 2026–27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇത് ഏകദേശം 4.2 ബില്യൺ ഡോളർ അഥവാ ജിഡിപിയുടെ 0.5 ശതമാനമായിരുന്നു.
എണ്ണയുടെയും മറ്റ് ചരക്കുകളുടെയും ഉയർന്ന വില തുടരുന്നതിനാൽ 2026–27ൽ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1–1.5 ശതമാനം പരിധിയിലേക്ക് ഉയരാമെന്നാണ് വിലയിരുത്തൽ. എന്നാൽ സേവന കയറ്റുമതി, പ്രവാസി പണമയയ്ക്കൽ, ശക്തമായ മൂലധന പ്രവാഹം എന്നിവ കമ്മി നിയന്ത്രിതമായി നിലനിർത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, 2026 ഓഗസ്റ്റിലെ ചരക്ക് വ്യാപാര കണക്കുകളിൽ വ്യാപാര കമ്മി 26.86 ബില്യൺ ഡോളറായി കുറഞ്ഞിട്ടുണ്ട്. ജൂലൈയിലെ ഉയർന്ന നിലയിൽനിന്ന് ഇറക്കുമതി–കയറ്റുമതി വ്യത്യാസത്തിൽ നേരിയ ആശ്വാസം ഉണ്ടായതിന്റെ സൂചനയാണിത്.
സേവന കയറ്റുമതിയും പ്രവാസി പണമയയ്ക്കലും ശക്തമായി തുടരുന്നതിനൊപ്പം മൂലധന പ്രവാഹവും വർധിച്ചതിനാൽ, ചരക്ക് വ്യാപാര കമ്മി ഉയർന്നിട്ടും ഇന്ത്യയുടെ വിദേശമേഖലയിൽ വലിയ സമ്മർദം രൂപപ്പെട്ടിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.