
പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചന. എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസ് (AINRC) മുന്നേറ്റം തുടരുകയാണ്. 30 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 14 മണ്ഡലങ്ങളിലെ ഫലങ്ങൾ ഇതിനകം പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, എഐഎൻആർസി 7 സീറ്റുകളിൽ വിജയം നേടി മുന്നിലാണ്. ബിജെപി 2 സീറ്റുകൾ നേടി. എഐഎഡിഎംകെ, കോൺഗ്രസ്, ഡിഎംകെ എന്നിവർ ഓരോ സീറ്റുകൾ വീതവും നേടിയിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു.
മുഖ്യമന്ത്രി എൻ. രംഗസാമി തട്ടാഞ്ചാവടി മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നെയം മക്കൾ കഴകം സ്ഥാനാർത്ഥി ഇ. വിനായകത്തെ 4,441 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
മണ്ണാടിപ്പേട്ട് മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയും ആഭ്യന്തര മന്ത്രിയുമായ എ. നമശ്ശിവായവും വിജയിച്ചു. 6,110 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയം സ്വന്തമാക്കിയത്.
അതേസമയം, പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ ആറ് കേന്ദ്രങ്ങളിലായി കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടെ വോട്ടെണ്ണൽ തുടരുകയാണ്. ശേഷിക്കുന്ന മണ്ഡലങ്ങളിലെ ഫലങ്ങൾ പുറത്തുവരാനിരിക്കെ എൻഡിഎയ്ക്ക് വ്യക്തമായ മുൻതൂക്കം ലഭിക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.