
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി മേഖലയിൽ നിയന്ത്രണരേഖ കടന്ന് നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ നാല് പാക് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലഷ്‌കർ-ഇ-ത്വയ്ബയുടെ മുതിർന്ന കമാൻഡർ മുഹമ്മദ് ഫൈസാനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

പാക് അധീന കശ്മീരിലെ ഹജീറ തഹ്‌സിലിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട നാല് പേരും. നുഴഞ്ഞുകയറ്റത്തിന് പേരുകേട്ട സത്വാൽ–നാക്കി പാതയിലൂടെ നിയന്ത്രണരേഖ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിന് കാരണമായത് ഭീകരർ കൈവശം സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളാണോ അതോ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സ്ഥാപിച്ച കുഴിബോംബാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കി. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റശ്രമങ്ങൾ തടയുന്നതിനായി പരിശോധനകളും പ്രതിരോധ നടപടികളും ഊർജിതമാക്കിയിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി മേഖലയിൽ സുരക്ഷാ സേന ജാഗ്രത തുടരുകയാണ്.