
ആലമ്പള്ളം പാലത്തിന്റെ നിർമാണം വേഗത്തിലാക്കി എത്രയും വേഗം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നു. നിർമാണ പുരോഗതി വിലയിരുത്തുന്നതിനും അവശേഷിക്കുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുമായി കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു.
കൊല്ലങ്കോട് എംഎൽഎ കെ. പ്രേമന്റെ നേതൃത്വത്തിലായിരുന്നു യോഗം. പാലത്തിന്റെ നിർമാണത്തിലെ നിലവിലെ സ്ഥിതിഗതികൾ യോഗം വിശദമായി വിലയിരുത്തി. ശേഷിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാരനും നിർദേശം നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ഹരിദാസ്, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഷിജു ചന്ദ്രൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിജി, വടവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ്, കരാറുകാരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ആലമ്പള്ളം പാലത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിനുള്ള ഇടപെടലുകൾക്ക് തുടർന്നും മുൻഗണന നൽകുമെന്ന് എംഎൽഎ കെ. പ്രേമൻ അറിയിച്ചു.