
തെഹ്റാൻ: അമേരിക്ക കഴിഞ്ഞ രണ്ട് രാത്രികളായി ആക്രമണം നടത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇറാനും പ്രത്യാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഇറാൻ സൈനിക വക്താവ് അമീർ അക്രമിനിയ അറിയിച്ചു. ഇറാൻ ഇൻറർനാഷണൽ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
ഇറാന്റെ സൈനിക നടപടികൾ “പൂർണമായും പ്രത്യാക്രമണ സ്വഭാവമുള്ളവ” മാത്രമാണെന്ന് അക്രമിനിയ വ്യക്തമാക്കി. അമേരിക്ക ആക്രമണം അവസാനിപ്പിച്ചതിനെ തുടർന്നാണ് നിലവിൽ ഇറാനും ആക്രമണങ്ങൾ നിർത്തിവെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കയുടെ നിലവിലെ തന്ത്രം എന്താണെന്നത് അവരുടെ സ്വന്തം ഉദ്യോഗസ്ഥർക്ക് പോലും വ്യക്തമായിട്ടില്ലെന്ന് അക്രമിനിയ ആരോപിച്ചു. “യുഎസ് ഉദ്യോഗസ്ഥരുടെ, പ്രത്യേകിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളിൽ നിന്നുതന്നെ ആ ആശയക്കുഴപ്പം വ്യക്തമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഇറാന്റെ ഈ പ്രസ്താവന ശ്രദ്ധേയമായിരിക്കുകയാണ്. നിലവിലെ സാഹചര്യം സംഘർഷം ശമിപ്പിക്കുന്നതിലേക്കുള്ള സൂചനയാണോ, അതോ താൽക്കാലിക ഇടവേള മാത്രമാണോ എന്നത് വരും ദിവസങ്ങളിലെ സംഭവവികാസങ്ങൾ വ്യക്തമാക്കും.