
തെഹ്റാൻ: ഗൾഫ് സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്കിയാൻ അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്ന ‘നിരുപാധിക’ കീഴടങ്ങൽ’ എന്ന ആവശ്യം തള്ളിക്കളഞ്ഞു. അത് ഒരിക്കലും സാക്ഷാത്കരിക്കാനാകാത്ത “സ്വപ്നം” മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, സമീപ ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യക്കും യുണൈറ്റഡ് അറബ് എമിറേറ്റ്സിനും മേൽ നടത്തിയ ആക്രമണങ്ങൾക്ക് ഇറാൻ ഖേദം പ്രകടിപ്പിക്കുകയും ഇനി ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

സമീപകാലത്ത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് എണ്ണശേഖര കേന്ദ്രങ്ങളെയും അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളാണ് പ്രദേശത്ത് വർദ്ധിപ്പിച്ചത്. ഈ ആക്രമണങ്ങൾ ആഭ്യന്തര ആശയവിനിമയത്തിലെ പിഴവുകൾ മൂലമാണെന്ന് പ്രസിഡൻ്റ് വിശദീകരിച്ചു. സംഭവത്തെ തുടർന്ന് ഗൾഫ് മേഖലയിലെ സംഘർഷം രൂക്ഷമാവുകയും നിരവധി രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഈ സംഘർഷം ആരംഭിച്ചത് ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ്. ആഴ്ചകളായി നീണ്ടുനിൽക്കുന്ന ഈ ഏറ്റുമുട്ടലിൽ 1,400-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയോ അല്ലെങ്കിൽ പരിക്കേൽക്കുകയോ ചെയ്യുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണവിലയും കുത്തനെ ഉയർന്നു. അമേരിക്കൻ ക്രൂഡ് ഓയിൽ വില ബാരലിന് 90 മുകളിൽ എത്തിയതായാണ് റിപ്പോർട്ട്. ഗൾഫ് മേഖലയിലെ എണ്ണവിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് വിപണിയെ ബാധിച്ചിരിക്കുന്നത്.
ഇതിനിടെ ചില രാജ്യങ്ങൾ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ റഷ്യ ഇറാന് രഹസ്യാന്വേഷണ സഹായം നൽകുന്ന സൂചനകളും,സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിൽ പ്രതിരോധ സഹകരണം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ മേഖലയിൽ പുതിയ സഖ്യങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും സംഘർഷം നീളുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.