
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് നടൻ ജഗദീഷ്. എന്നാൽ നിലവിലെ സിനിമാ തിരക്കുകൾ കാരണം ആ പദവി ഏറ്റെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

നിരവധി സിനിമകളിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, 24 മണിക്കൂറും പൂർണ്ണ ശ്രദ്ധ ചെലുത്താൻ കഴിയുന്ന സാഹചര്യമില്ലെങ്കിൽ ഇത്തരമൊരു ഉത്തരവാദിത്തമുള്ള പദവി ഏറ്റെടുക്കുന്നത് ശരിയാകില്ലെന്നാണ് ജഗദീഷിന്റെ നിലപാട്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിച്ചതിനെ വലിയ ബഹുമതിയായാണ് കാണുന്നതെങ്കിലും, വളരെ വിനയത്തോടെയാണ് ആ അവസരം വേണ്ടെന്ന് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ തന്റെ പ്രധാന സ്വപ്നവും ശ്രദ്ധയും സിനിമകളാണെന്ന് വ്യക്തമാക്കിയ ജഗദീഷ്, നല്ല കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായി തുടരാനാണ് ആഗ്രഹമെന്ന് കൂട്ടിച്ചേർത്തു.
ചലച്ചിത്ര മേഖലയിലെ നിരവധി യോഗ്യരായ വ്യക്തികൾക്ക് അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് വരാൻ അർഹതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയെ ഒരു പാഷനായി കാണുകയും പ്രേക്ഷകർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കാനും കഴിയുന്ന ഒരാളായിരിക്കണം പുതിയ ചെയർമാനെന്ന് ജഗദീഷ് പറഞ്ഞു. ചലച്ചിത്ര മേളകൾ കൂടുതൽ ജനകീയമാക്കാൻ കഴിയുന്ന വ്യക്തിത്വം അക്കാദമിക്ക് നേതൃത്വം നൽകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
അക്കാദമിയുടെ അടുത്ത ചെയർമാനായി ആരെത്തിയാലും തന്റെ ഭാഗത്തുനിന്നും എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് ജഗദീഷ് ഉറപ്പുനൽകി.
ഭരണമാറ്റത്തിന് പിന്നാലെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും ശബ്ദസംവിധായകൻ റസൂൽ പൂക്കുട്ടി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചെയർമാനായി ജഗദീഷ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ ചർച്ചകളിൽ ഉയർന്നത്.