
കോതമംഗലം: കീരംപാറ–ഭൂതത്താൻകെട്ട് റോഡിന്റെ നവീകരണം പൂർത്തിയായി. 5.5 മീറ്ററിൽനിന്ന് ഏഴു മീറ്ററായി വീതി വർധിപ്പിച്ച് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിർവഹിച്ചു.

കീരംപാറ, പിണ്ടിമന പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നതിനു പുറമെ ഭൂതത്താൻകെട്ട്, ഇടമലയാർ, ചെക്കിമേട്, പലവൻപുഴ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പ്രവേശനപാത കൂടിയാണ് റോഡ്.

റോഡിന്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി ഐറിഷ് ഡ്രെയിനുകൾ, സംരക്ഷണഭിത്തികൾ, ഷോൾഡർ സംരക്ഷണം, സൂചനാബോർഡുകൾ, ഡെലിനേറ്ററുകൾ, റോഡ് മാർക്കിങ്, റിഫ്ലക്ടറി സ്റ്റഡുകൾ, ഡബ്ല്യു-ബീം ക്രാഷ് ബാരിയറുകൾ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
2024–25 സാമ്പത്തിക വർഷത്തിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. നിർമാണ പ്രവർത്തനങ്ങൾ 2026 ഓഗസ്റ്റ് 30ന് പൂർത്തീകരിച്ചു.
കോതമംഗലത്തിന്റെ ഗതാഗത വികസനത്തിൽ നിർണായകമാകുന്ന തങ്കളം–കാക്കനാട് നാലുവരി പാതയുടെ അലൈൻമെന്റുമായി ബന്ധപ്പെട്ടും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പി.കെ. ബഷീർ വ്യക്തമാക്കിയതായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രിയുടെ പ്രഖ്യാപനം കോതമംഗലത്തിന്റെ വികസനത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.