ലണ്ടൻ: ബ്രിട്ടൻ പ്രധാനമന്ത്രി കൂടിയായ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ തിങ്കളാഴ്ച രാജി പ്രഖ്യാപിച്ചു. ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ വികാരനിർഭരമായ പ്രസ്താവനയിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. തന്റെ തീരുമാനം രാജാവ് ചാൾസ് മൂന്നാമനെ അറിയിച്ചതായും, രാജ്യത്തിന്റെ താൽപര്യമാണ് ഓരോ തീരുമാനത്തിന്റെയും അടിസ്ഥാനം എന്നും സ്റ്റാർമർ പറഞ്ഞു. ലേബർ പാർട്ടിയെ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നയിക്കാൻ താനല്ല ഏറ്റവും അനുയോജ്യനായ വ്യക്തിയെന്ന് പാർട്ടി കരുതുന്നുവെന്ന യാഥാർഥ്യം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ലേബർ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ സ്റ്റാർമർ പ്രധാനമന്ത്രിയായി തുടരും. നേതൃത്വ തിരഞ്ഞെടുപ്പിനുള്ള സമയക്രമം നിശ്ചയിക്കാൻ പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 9-ന് നാമനിർദേശങ്ങൾ ആരംഭിച്ച് ജൂലൈ 16-നകം നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. പാർലമെന്റ് സെപ്റ്റംബറിൽ വീണ്ടും ചേരുന്നതിന് മുമ്പ് പുതിയ നേതാവ് ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്റ്റാർമറുടെ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ ശക്തമായ അതൃപ്തി ഉയർന്നിരുന്നു. പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനം, ജനപ്രീതിയിലെ ഇടിവ്, നയപരമായ യു-ടേണുകൾ, മന്ത്രിമാരുടെ രാജികൾ, ആഭ്യന്തര വിമർശനങ്ങൾ എന്നിവ അദ്ദേഹത്തിന്റെ നിലപാട് ദുർബലമാക്കി. അടുത്തിടെ മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ ആൻഡി ബേൺഹാം നേടിയ വിജയം നേതൃത്വമാറ്റത്തിനായുള്ള സമ്മർദം വർധിപ്പിച്ചതായും വിലയിരുത്തപ്പെടുന്നു.
2024 ജൂലൈയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വമ്പൻ വിജയത്തിലേക്ക് നയിച്ചായിരുന്നു സ്റ്റാർമർ പ്രധാനമന്ത്രിയായത്. ഇതോടെ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചിരുന്നു. എന്നാൽ സാമ്പത്തിക വെല്ലുവിളികൾ, ഉയർന്ന കുടിയേറ്റം, ഊർജവില വർധന, പാർട്ടിക്കുള്ളിലെ ഭിന്നതകൾ എന്നിവ അദ്ദേഹത്തിന്റെ സർക്കാരിനെ പ്രതിസന്ധിയിലാക്കി. സമീപകാല തെരഞ്ഞെടുപ്പ് തിരിച്ചടികൾ പിന്തുണ കൂടുതൽ കുറയ്ക്കുകയും ചെയ്തു.
അതേസമയം, മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറും പുതിയ എംപിയുമായ ആൻഡി ബേൺഹാമാണ് സ്റ്റാർമറുടെ പിൻഗാമിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന പേര്. വെസ് സ്ട്രീറ്റിംഗ്, ആഞ്ചല റെയ്‌നർ എന്നിവരുടെ പേരുകളും ഉയരുന്നുണ്ടെങ്കിലും നിലവിൽ ബേൺഹാമിനാണ് കൂടുതൽ പിന്തുണ ലഭിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പുതിയ നേതാവ് അധികാരമേറ്റാൽ കഴിഞ്ഞ ഒരു ദശകത്തിനിടെ ബ്രിട്ടന് ലഭിക്കുന്ന ഏഴാമത്തെ പ്രധാനമന്ത്രിയായിരിക്കും അത്. രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരതയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് സ്റ്റാർമറുടെ അപ്രതീക്ഷിത പിന്മാറ്റം നടന്നിരിക്കുന്നത്.