
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ട്രെൻഡുകൾ വലിയ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. 2026 മെയ് 4 രാവിലെ പുറത്തുവന്ന പ്രാരംഭ സൂചനകൾ പ്രകാരം, നടൻ-രാഷ്ട്രീയ നേതാവായ വിജയ്യുടെ തമിഴഗ വെട്രി കഴകം (TVK) സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമായി ഉയർന്നുവരുന്നതാണ് ശ്രദ്ധേയമാകുന്നത്.

ഭരണകക്ഷിയായ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം നിരവധി മണ്ഡലങ്ങളിൽ മുന്നിൽ തുടരുന്നുണ്ടെങ്കിലും, ഇപ്പോൾ ടി വി കെ യുടെയും ,എഐഎഡിഎംകെയുടെയും പിന്നിൽ മൂന്നാം സ്ഥാനത്താണ്.ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ടിവികെ നിരവധി മണ്ഡലങ്ങളിൽ രണ്ടാം, മൂന്നാം സ്ഥാനങ്ങളിൽ ശക്തമായ പ്രകടനം കാഴ്ചവെക്കുകയും ചില പ്രധാന മണ്ഡലങ്ങളിൽ ലീഡ് നേടുകയും ചെയ്തിട്ടുണ്ട്.
ആദ്യഘട്ട കണക്ക് പ്രകാരം, ടിവികെ ഏകദേശം 84 മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തുന്നതായാണ് റിപ്പോർട്ടുകൾ. ഡിഎംകെ സഖ്യം 50 മണ്ഡലങ്ങളിലും എഐഎഡിഎംകെ-ബിജെപി സഖ്യം 66 മണ്ഡലങ്ങളിലും മുന്നിലാണ്.
ടിവികെ അധ്യക്ഷൻ വിജയ് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളായ പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റും ഉൾപ്പെടെ രണ്ട് സ്ഥലങ്ങളിലും മുന്നിലാണ്. പെരമ്പൂരിൽ വിജയ് മുന്നേറ്റം തുടരുമ്പോൾ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ ശക്തികേന്ദ്രമായ കൊളത്തൂരിൽ ആദ്യഘട്ട ട്രെൻഡുകളിൽ പിന്നിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
കിനത്തുകടവിൽ ടിവികെ സ്ഥാനാർഥി വിഘ്നേഷ് കെ ലീഡ് നേടിയപ്പോൾ, സേലം വെസ്റ്റിൽ എസ്. ലക്ഷ്മണനും മുന്നിലാണ്. ഗാന്ധർവക്കോട്ടൈ (എസ്.സി) മണ്ഡലത്തിൽ ടിവികെയുടെ എൻ. സുബ്രഹ്മണ്യൻ നിലവിലെ സിപിഎം എംഎൽഎക്കെതിരെ ലീഡ് നിലനിർത്തുകയാണ്.
തമിഴ്നാട് രാഷ്ട്രീയത്തിൽ മൂന്നാം ശക്തിയായി വിലയിരുത്തപ്പെട്ടിരുന്ന ടിവികെ, ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവെക്കുന്നത് സംസ്ഥാന രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.