
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നുമായി അമേരിക്ക. ഒറ്റ ദിവസം കൊണ്ട് കടലിടുക്കിലും സമീപ പ്രദേശങ്ങളിലുമായി ഇറാന്റെ 60 ലക്ഷ്യങ്ങൾ ആക്രമിച്ച യുഎസ് സൈന്യം, ഏകദേശം 1.8 കോടി ബാരൽ എണ്ണയുമായി സഞ്ചരിച്ച 40 വാണിജ്യ കപ്പലുകൾക്ക് സുരക്ഷാ അകമ്പടി നൽകിയതായി റിപ്പോർട്ട്.

ഇറാന്റെ കപ്പൽവേധ മിസൈൽ, ഡ്രോൺ ഭീഷണികൾ നിർവീര്യമാക്കുന്നതിനും കടലിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുന്നതിനും വാണിജ്യ കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുന്നതിനുമായിരുന്നു പ്രധാനമായും സൈനിക നടപടി. ആഗോള എണ്ണവിതരണത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം നിലനിർത്താനുള്ള വാഷിങ്ടണിന്റെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം വിലയിരുത്തപ്പെടുന്നത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് നിലവിലെ യുദ്ധം ആരംഭിച്ചത്. തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കടുത്ത നിയന്ത്രണങ്ങൾ നേരിടുകയായിരുന്നു. സംഘർഷം ആറാം മാസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് യുഎസ് സൈനിക ഇടപെടൽ കൂടുതൽ ശക്തമാകുന്നത്.
ഇറാന്റെ എണ്ണ കയറ്റുമതി നിയന്ത്രിക്കുന്നതിനും കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതമാക്കുന്നതിനുമായി യുഎസ് നാവിക ഉപരോധ നടപടികളും തുടരുകയാണ്. ഇതിനിടെ ഇറാൻ ഹോർമുസിലൂടെ കടക്കുന്നതിന് വിലക്കേർപ്പെടുത്തിയ കപ്പലുകളുടെ പട്ടിക വിപുലീകരിച്ച് 56 ആയി ഉയർത്തിയിട്ടുണ്ട്. യുദ്ധത്തിന് മുമ്പ് ആഗോള കടൽമാർഗ എണ്ണവ്യാപാരത്തിന്റെ വലിയൊരു വിഹിതം കടന്നുപോയിരുന്ന നിർണായക ജലപാതയാണ് ഹോർമുസ്.
അമേരിക്കൻ സൈനിക നീക്കത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുഎസ് ശക്തമായ നിയന്ത്രണം നേടിയിട്ടുണ്ടെന്നും യുദ്ധം അധികകാലം തുടരേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കി. അതേസമയം, കടലിടുക്കിലെ സംഘർഷം തുടരുന്നത് ആഗോള എണ്ണവിപണിയിൽ അനിശ്ചിതത്വം വർധിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ 3ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 95.20 ഡോളറിലെത്തിയിരുന്നു.