You are currently viewing ജർമ്മനിയിൽ അപ്പാർട്ട്മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ജർമ്മനിയിൽ അപ്പാർട്ട്മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബോഹും: ജർമ്മനിയിലെ ബോഹും നഗരത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് മലയാളി വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം, ഇടുക്കി, എറണാകുളം സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ഒക്ടോബർ 13 ചൊവ്വാഴ്ച പുലർച്ചെ പടിഞ്ഞാറൻ ജർമ്മനിയിലെ ബോഹും നഗരത്തിലെ ഹോഫ്സ്റ്റെഡ് ജില്ലയിലുള്ള ബഹുനില അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് അപകടമുണ്ടായത്.

കൊല്ലം ചാമക്കാട് സ്വദേശി അഞ്ജലി ഷീല ജോയി (25), ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26) എന്നിവരാണ് മരിച്ചത്. ഉന്നതപഠനത്തിനായി ജർമ്മനിയിലെത്തിയ ഇവർ രണ്ടാഴ്ച മുൻപാണ് അപ്പാർട്ട്മെന്റിലേക്ക് താമസം മാറിയത്.

അപകടം സാങ്കേതിക തകരാറുകൾ മൂലമല്ലെന്നും മനഃപൂർവം തീയിട്ടതാണെന്നുമാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായതെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് 41 വയസ്സുള്ള റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞുങ്ങളെ കൊണ്ടുപോകുന്ന വണ്ടികൾക്ക് ഇയാൾ തീയിട്ടതായാണ് സംശയം.

തലേദിവസം കെട്ടിടത്തിലെ താമസക്കാർ തമ്മിലുണ്ടായ തർക്കമാണ് തീവെപ്പിലേക്ക് നയിച്ചതെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

താഴത്തെ നിലയിൽ ആരംഭിച്ച തീ മുകളിലേക്ക് പടരുകയായിരുന്നു. തീപിടിത്തത്തിൽ കെട്ടിടത്തിലെ തടികൊണ്ടുള്ള ഗോവണി കത്തിയമർന്നതോടെ രക്ഷപ്പെടാനുള്ള മാർഗം തടസ്സപ്പെടുകയും കെട്ടിടത്തിനുള്ളിൽ വിഷപ്പുക നിറയുകയും ചെയ്തു. രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിനുള്ളിൽ നിന്നാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും ഇവർ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. മൂന്ന് മലയാളി വിദ്യാർത്ഥികളുടെ മരണം കേരളത്തിലെ കുടുംബങ്ങളെയും പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

Leave a Reply