You are currently viewing മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദം; പ്രിൻസിപ്പലിന് സ്ഥലംമാറ്റം, പിടിഎ പ്രസിഡന്റിനെയും നീക്കി

മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദം; പ്രിൻസിപ്പലിന് സ്ഥലംമാറ്റം, പിടിഎ പ്രസിഡന്റിനെയും നീക്കി

കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലംമാറ്റി. സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവാദത്തിൽ ആരോപണവിധേയനായ പിടിഎ പ്രസിഡന്റ് ഹാജിസ് ഉള്ളാടനെ സ്ഥാനത്തുനിന്ന് നീക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

133 വിദ്യാർത്ഥികളുമായി ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മടക്കയാത്രയ്ക്കിടെ പിടിഎ പ്രസിഡന്റ് ഹാജിസ് ഉള്ളാടൻ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ ബസിൽ കയറിയെന്നാണ് വിദ്യാർത്ഥികൾ ആരോപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പകർത്തി രക്ഷിതാക്കൾക്ക് അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ പ്രിൻസിപ്പലും മദ്യപിച്ചിരുന്നുവെന്ന ആരോപണവും ഉയർന്നു.

ടൂർ സംഘം സ്കൂളിൽ തിരിച്ചെത്തിയതോടെ രക്ഷിതാക്കളും രാഷ്ട്രീയ പ്രവർത്തകരും പ്രിൻസിപ്പലിനെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് വിധേയനാക്കി. എന്നാൽ ഒക്ടോബർ 30ന് പുറത്തുവന്ന ലബോറട്ടറി രക്തപരിശോധനാ ഫലത്തിൽ പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. പരിശോധന വൈകിയതിനാലാണ് ഫലം നെഗറ്റീവായതെന്ന ആരോപണവുമായി ഒരു വിഭാഗം പ്രതിഷേധം തുടരുകയും ചെയ്തു.

അതേസമയം, പ്രിൻസിപ്പലിന് പിന്തുണയുമായി വിനോദയാത്രയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ലെന്നും മദ്യപിച്ചെത്തിയ പിടിഎ പ്രസിഡന്റിനെ ഉടൻതന്നെ ബസിൽനിന്ന് മാറ്റി മറ്റൊരു വാഹനത്തിലേക്ക് മാറ്റിയിരുന്നുവെന്നുമാണ് വിദ്യാർത്ഥികൾ വ്യക്തമാക്കിയത്. ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രിൻസിപ്പലിനെ മനഃപൂർവം വേട്ടയാടുകയായിരുന്നുവെന്ന് വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ആരോപിച്ചിരുന്നു.

തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

വിനോദയാത്രാ വിവാദത്തിൽ പ്രിൻസിപ്പലിനെതിരായ മദ്യപാന ആരോപണം രക്തപരിശോധനയിൽ സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലംമാറ്റ നടപടി.

Leave a Reply