You are currently viewing മെസ്സിയുടെ അവസാന അങ്കം ഒക്ടോബർ 6ന്; പത്താം നമ്പർ ജഴ്സിക്ക് പ്രത്യേക ആദരം

മെസ്സിയുടെ അവസാന അങ്കം ഒക്ടോബർ 6ന്; പത്താം നമ്പർ ജഴ്സിക്ക് പ്രത്യേക ആദരം

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകത്തിന് വികാരനിർഭരമായ നിമിഷങ്ങൾ സമ്മാനിച്ച് അർജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസ്സി ദേശീയ ടീമിനായി അവസാന മത്സരത്തിനിറങ്ങുന്നു. ഒക്ടോബർ 6ന് ബ്യൂണസ് ഐറിസിൽ ബെനിനെതിരെയാണ് 39കാരനായ മെസ്സിയുടെ അവസാന അന്താരാഷ്ട്ര മത്സരം നിശ്ചയിച്ചിരിക്കുന്നത്. മെസ്സിയുടെ 207-ാം രാജ്യാന്തര മത്സരത്തിന് അവിസ്മരണീയമായ യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് അർജന്റീന ഫുട്ബോൾ അധികൃതർ.

ദേശീയ ടീമിനായി നേടിയ നേട്ടങ്ങളും ലോകകപ്പ് വിജയവും കണക്കിലെടുത്ത് പ്രത്യേക ആദരവുകളോടെയായിരിക്കും മെസ്സിയെ യാത്രയാക്കുക. അന്താരാഷ്ട്ര ഫുട്ബോളിൽ നേടിയ ഒൻപത് പ്രധാന കിരീടങ്ങളുടെ മെഡലുകൾ ചടങ്ങിൽ പ്രദർശിപ്പിക്കാനും സ്വർണനിറത്തിലുള്ള പ്രത്യേക പത്താം നമ്പർ ജഴ്സി അണിയിക്കാനും പദ്ധതിയുണ്ട്.

അർജന്റീനയുടെ പത്താം നമ്പർ ജഴ്സി മെസ്സിയുടെ അവസാന മത്സരത്തിന് മുമ്പ് മറ്റൊരു താരത്തിനും നൽകില്ലെന്ന് പരിശീലകൻ ലയണൽ സ്‌കലോണി വ്യക്തമാക്കിയിട്ടുണ്ട്. മെസ്സിയുടെ വിടവാങ്ങലിന് ശേഷമുള്ള ജഴ്സിയുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. യുവതാരം നിക്കോ പാസിനെ ഉൾപ്പെടെയുള്ളവരെ ഭാവിയിലെ പത്താം നമ്പർ ജഴ്സിക്കുള്ള സാധ്യതകളായി പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം, മെസ്സിയുടെ യാത്രയയപ്പ് മത്സരത്തിൽ അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ പങ്കാളികളായ പൗലോ ഡിബാലയ്ക്കും നാഹ്വൽ മോളിനയ്ക്കും കളിക്കാനാകില്ല. ഇരുവരുടെയും ക്ലബ്ബായ എ.എസ്. റോമ ദീർഘദൂര യാത്രയും വരാനിരിക്കുന്ന മത്സരങ്ങളും ചൂണ്ടിക്കാട്ടി യാത്രയ്ക്ക് അനുമതി നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ.

2005ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച മെസ്സി 125 ഗോളുകളുമായി അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾക്കും 2022 ലോകകപ്പ് വിജയത്തിനും അദ്ദേഹം നേതൃത്വം നൽകി. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ദേശീയ ടീം കരിയറിന് സ്വന്തം മണ്ണിൽ വിരാമമിടുമ്പോൾ, അർജന്റീനൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നിനാണ് അവസാനമാകുന്നത്.

Leave a Reply