You are currently viewing നഗരസഭ സിപിഎമ്മിന്റെ പാർട്ടി ഓഫീസല്ല: ബി.ബി. ഗോപകുമാർ

നഗരസഭ സിപിഎമ്മിന്റെ പാർട്ടി ഓഫീസല്ല: ബി.ബി. ഗോപകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വെള്ളിയാഴ്ച നടന്ന സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ പറഞ്ഞു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട മേയർ വി.വി. രാജേഷിനെയും മറ്റ് കൗൺസിലർമാരെയും കായികമായി ആക്രമിക്കാൻ സിപിഎം തയ്യാറാകുന്നത് കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്റെ യഥാർഥ മുഖമാണെന്നും അദ്ദേഹം ആരോപിച്ചു.

പാളയം മാർക്കറ്റിലെ അനധികൃത പ്രവർത്തനങ്ങൾക്കും ഗുണ്ടാപിരിവുകൾക്കുമെതിരെ നടപടി സ്വീകരിക്കുകയും നഗരസഭയുടെ സ്വത്തുക്കൾ തിരിച്ചുപിടിക്കുകയും ചെയ്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും പാർട്ടി സ്വാധീനവും ചോദ്യം ചെയ്യപ്പെടുമ്പോൾ അതിന് മറുപടി നൽകുന്നതിന് പകരം ആക്രമണവും ഭീഷണിയും വഴിയാക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം നഗരസഭ ജനങ്ങളുടെ സ്ഥാപനമാണെന്നും അത് സിപിഎമ്മിന്റെ പാർട്ടി ഓഫീസല്ലെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു. നഗരസഭയെ പാർട്ടി നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ബിജെപി ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയരുമെന്നും നിയമപരമായും രാഷ്ട്രീയപരമായും അതിനെ നേരിടാൻ ബിജെപി മുന്നിലുണ്ടാകുമെന്നും എംഎൽഎ വ്യക്തമാക്കി.

Leave a Reply